Sports News
വിരാട് കോഹ്‌ലിയെ എങ്ങനെ ഫോമിലെത്തിക്കണമെന്ന് എനിക്കറിയാം, ആ കാര്യം അവനോട് പറയൂ; തുറന്നടിച്ച് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 13, 04:01 pm
Monday, 13th January 2025, 9:31 pm

കരിയറില്‍ ഒരിക്കല്‍ക്കൂടി മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ് വിരാട് കോഹ്‌ലി. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം മോശം പ്രകടനം പുറത്തെടുത്ത വിരാട് ഒരിക്കല്‍ക്കൂടി ആരാധകരുടെ ആനിഷ്ടത്തിന് പാത്രമായിരിക്കുകയാണ്.

മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലിയെ എങ്ങനെ ഫോമിലേക്ക് മടക്കിക്കൊണ്ടുവരണം എന്ന് തനിക്കറിയാമെന്ന് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍.

 

പാകിസ്ഥാനെതിരെ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം മതിയെന്നും വിരാട് ഫോമിലേക്ക് മടങ്ങിയെത്തുമെന്നും അക്തര്‍ പറയുന്നു.

‘വിരാട് കോഹ്‌ലിയെ വീണ്ടും പഴയ ഫോമിലേക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി. പാകിസ്ഥാനെതിരെ മത്സരമുണ്ട് എന്ന് പറഞ്ഞാല്‍ മാത്രം മതി. ഇത് കേള്‍ക്കുന്നതോടെ അവന്‍ ഫോമായിക്കൊള്ളും.

മെല്‍ബണില്‍ ഗംഭീര പ്രകടനമല്ലേ അന്ന് വിരാട് നടത്തിയത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ബാബര്‍ അസവും അത്തരം പ്രകടനം കാഴ്ച വെക്കും” ഷോയിബ് അക്തര്‍ പറഞ്ഞു.

2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചാണ് അക്തര്‍ പരാമര്‍ശിച്ചത്. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് എന്ന് വിശേപ്പിക്കാന്‍ സാധിക്കുന്ന മത്സരമാണിത്. തോല്‍വി മുമ്പില്‍ കണ്ട ഇന്ത്യയെ വിരാട് ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലേക്ക് പറക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ വിരാടിന്റെ അപരാജിത ചെറുത്തുനില്‍പ്പും ആര്‍. അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ ക്രിക്കറ്റ് ബ്രെയ്‌നുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

എന്നാല്‍ വിരാടിന്റെ ഈ പ്രകടനങ്ങളെല്ലാം ഗതകാല സ്മൃതിയെന്നോണം ഓര്‍ത്തിരിക്കാന്‍ മാത്രമാണ് ആരാധകര്‍ക്ക് സാധിക്കുന്നത്. തന്റെ പേരിനോടോ പെരുമയോടോ നീതി പുലര്‍ത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയായിരുന്നു കിങ് കോഹ്‌ലിയുടെ പ്രകടനം.

അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നുമായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. പെര്‍ത്തില്‍ പുറത്താകാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പരമ്പരയില്‍ ആകെ 15 ഫോറുകള്‍ മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.

ഓസ്ട്രേലിയയുടെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങിയാണ് വിരാട് എല്ലായ്പ്പോഴും മടങ്ങിയത്. റണ്‍സ് നേടാന്‍ സാധിക്കാതെ വരികയും ഒരേ തെറ്റ് തുടരെ തുടരെ ആവര്‍ത്തിക്കുകയും അത് തിരുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തതോടെ വിരാടിനെതിരെ ആരാധകരുടെ മുറവിളി ഉയര്‍ന്നിരുന്നു. താരം വിരമിക്കണമെന്ന് പോലും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

വിരാട് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അഞ്ച് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് ഒറ്റ ഇന്നിങ്‌സില്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. അതാകട്ടെ പത്ത് റണ്‍സും! ആകെ സ്‌കോര്‍ ചെയ്തത് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രം.

 

Content Highlight: Shoaib Akhtar about Virat Kohli