പൊന്മുട്ട എന്ന വെബ് സീരീസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ശ്യാം മോഹന്‍. ഹെവന്‍, 18+ എന്നീ സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയില്‍ ശ്യാമിന്റെ കഥാപാത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ റിവ്യൂവിനെപ്പറ്റി താരം സംസാരിച്ചു. സിനിമക്ക് എല്ലാവരും പോസിറ്റീവ് അഭിപ്രായം പറയുമ്പോള്‍ സിനിമയുടെ റിവ്യൂകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഒരിടയ്ക്ക് സിനിമകളുടെ റിവ്യൂ കാണാതെ സിനിമ കാണാം എന്ന് തീരുമാനിച്ചിരുന്നു. കാരണം, മലൈക്കോട്ടൈ വാലിബന്‍ എനിക്ക് പേഴ്‌സണലി ഇഷ്ടപ്പെട്ട സിനിമയായിരുന്നു. പക്ഷേ അതിന് ഒരുപാട് നെഗറ്റീവ് റിവ്യൂസ് വന്നത് വളരെ വിഷമമുണ്ടാക്കി. അതിന് ശേഷം സിനിമാ റിവ്യൂസ് കാണുന്നത് നിര്‍ത്തിയതായിരുന്നു. നമ്മുടെ പേഴ്‌സനല്‍ ഒപ്പീനിയന്‍ മാത്രമേ നോക്കുമായിരുന്നുള്ളൂ.
ഇപ്പോള്‍ പിന്നെ നമ്മുടെ സിനിമയായതുകൊണ്ട് എല്ലാ റിവ്യൂസും കണ്ടു. എല്ലാവരും സിനിമക്ക് പോസിറ്റീവ് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഏറ്റവും സന്തോഷം തോന്നിയത്, കേരളത്തിന് പുറത്തുള്ള ഫിലിം കമ്പാനിയന്‍ പോലുള്ള മീഡിയകള്‍ നല്ലത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി,’ ശ്യാം പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Shyam Mohan says that he stopped watching reviews after Malaikkottai Vaaliban