ശിവകാർത്തികേയന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ശ്യാം മോഹൻ. ശിവകാർത്തികേയൻ സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യനാണെന്നും നമ്മുടെ കൂടെ കസേര ഇട്ട് ഇരിക്കുമെന്നും ശ്യാം പറഞ്ഞു. ഒരു ദിവസം ഭക്ഷണം വരാൻ നേരം വൈകിയപ്പോൾ ശിവകാർത്തികേയൻ തങ്ങൾക്ക് ഫുഡ് ഓർഡർ ചെയ്ത് തന്നെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ശിവകാർത്തികന്റെ കൂടെ ഒരു തമിഴ് പടം ചെയ്തു. 18 പ്ലസ് ഒ.ടി.ടിയിൽ നിന്ന് കണ്ടിട്ടാണ് അവർ എന്നെ വിളിച്ചത്. അതിൽ സായി പല്ലവിയുടെ ബ്രദറിന്റെ വേഷമാണ് ചെയ്യുന്നത്. എന്നെ വിളിച്ചത് അഖില എന്ന ഒരു മലയാളി കുട്ടിയാണ്. ശിവകാർത്തികേയൻ സാറുമായി കോമ്പിനേഷൻ ഉണ്ടോ എന്നാണ് ഞാനവളോട് ചോദിച്ചത്. ഉറപ്പായിട്ടും ഉണ്ടെന്ന് അവൾ പറഞ്ഞു.
ശിവകാർത്തികേയൻ സാർ ഭയങ്കര സിമ്പിൾ മനുഷ്യനാണ്. നമ്മുടെ കൂടെ കസേര ഇട്ടിരിക്കുക. നമുക്ക് ഒരു ദിവസം ഫുഡ് ലേറ്റ് ആയപ്പോൾ പുള്ളി വന്നു ചോദിച്ചു. നിങ്ങൾക്ക് എന്താ വേണ്ടത്, എന്താ കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ച് ഫുഡ് ഓർഡർ ചെയ്തു തന്നു. അത് നല്ല എക്സ്പീരിയൻസ് ആയിരുന്നു.
കമൽഹാസൻ ആണ് പ്രൊഡ്യൂസർ. എനിക്കത് മതിയായിരുന്നു. വേറൊന്നും എന്റെ വിഷയമല്ല കമൽ സാർ സിനിമ കാണുമല്ലോ, അപ്പോൾ എന്നെയും കാണും അതുമതി. Sk21 എന്നാണ് ചിത്രത്തിന് ഇപ്പോൾ പേരിട്ടിട്ടുള്ളത്,’ ശ്യാം മോഹൻ പറഞ്ഞു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന പ്രേമലുവാണ് ശ്യാം മോഹന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Shyam mohan about sivakarthikeyan