ഞെട്ടിത്തരിച്ച് ഗുജറാത്ത് ആരാധകര്‍; രവീന്ദ്ര ജഡേജക്ക് പകരം സൂപ്പര്‍ കിങ്‌സിലേക്ക് ടൈറ്റന്‍സിന്റെ ഏയ്‌സ്
Sports News
ഞെട്ടിത്തരിച്ച് ഗുജറാത്ത് ആരാധകര്‍; രവീന്ദ്ര ജഡേജക്ക് പകരം സൂപ്പര്‍ കിങ്‌സിലേക്ക് ടൈറ്റന്‍സിന്റെ ഏയ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th September 2022, 8:04 pm

ഐ.പി.എല്ലിന്റെ പുതിയ സീസണ് ഇങ്ങെത്തുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചാണ് ചെന്നൈ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

തങ്ങളുടെ ഡെബ്യൂ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ശുഭ്മന്‍ ഗില്ലിനെയാണ് സൂപ്പര്‍ കിങ്‌സ് റാഞ്ചിയെടുത്തിരിക്കുന്നത്.

ഐ.പി.എല്ലിന്റെ പതിനഞ്ചാം എഡിഷനില്‍ ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയതില്‍ പ്രധാനിയായിരുന്നു ഗില്‍. ഫൈനല്‍ മത്സരത്തില്‍ സഞ്ജു സാസംണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

 

താരത്തിന്റെ ശോഭനമായ ഭാവിക്കായി ഗുജറാത്ത് താരത്തെ പോകാന്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഓര്‍ക്കാന്‍ ഒരുപാട് സമ്മാനിച്ച യാത്രയായിരുന്നു ഇത്. താങ്കളുടെ പുതിയ ഉദ്യമത്തിന് എല്ലാം ആശംസകളും നേരുകയാണ് ശുഭ്മന്‍ ഗില്‍,’ എന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് താരത്തിന് യാത്രയയപ്പ് നല്‍കിയത്.

ഹൃദയ ചിഹ്നവും ഹഗ് ഇമോജികളായിരുന്നു ടീമിന്റെ സ്‌നേഹത്തിന് ഗില്‍ മറുപടിയായി നല്‍കിയത്.

ഐ.പി.എല്‍ 2022യില്‍ രവീന്ദ്ര ജഡേജ എം.എസ്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത് മാത്രം ക്യാപ്റ്റനായിരുന്നു ജഡ്ഡു.

എന്നാല്‍ ചരിത്രത്തിലെ തന്നെ മോശം പ്രകടനമാിരുന്നു ടീം സീസണില്‍ പുറത്തെടുത്തത്. ഇതിന് പിന്നാലെ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

ഐ.പി.എല്ലിന്റെ 16ാം സീസണിന് മുമ്പ് തന്നെ ജഡേജ ടീം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്ന നീക്കമാണ് ഇപ്പോള്‍ സി.എസ്.കെയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഗില്‍ ചെന്നൈയിലെത്തുമ്പോള്‍ രവീന്ദ്ര ജഡേജ ഗുജറാത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐ.പി.എല്‍ 2022യില്‍ 132.33 പ്രഹര ശേഷിയില്‍ 483 റണ്‍സാണ് ശുഭ്മന്‍ ഗില്‍ അടിച്ചുകൂട്ടിയത്. നാല് അര്‍ധ സെഞ്ച്വറി നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്. 51 ഫോറും 11 സിക്‌സറും താരം ഐ.പി.എല്‍ 2022ല്‍ സ്വന്തമാക്കിയിരുന്നു.

 

Content Highlight: Shubman Gill, leaves Gujarat Titans, will replace Ravindra Jadeja in the CSK team.