Advertisement
national news
വിശാഖപട്ടണത്തെ വിഷകവാതക ചോര്‍ച്ച; വാതകം പരക്കുന്നതിന്റെയും ആളുകള്‍ കുഴഞ്ഞു വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 16, 07:45 am
Saturday, 16th May 2020, 1:15 pm

വിശാഖപട്ടണം: വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്‌സ് പ്ലാന്റില്‍ നിന്നും ചോര്‍ന്ന വിഷവാതകം ഗ്രാമത്തില്‍ പരക്കുന്നതിന്റെയും കുട്ടികളടക്കം വാതകം ശ്വസിച്ചവര്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ ടിവി പുറത്തു വിട്ടത്.

വെങ്കട്ടപുരം ഗ്രാമത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വാതക ചോര്‍ച്ചയുണ്ടായ ദിവസം പുലര്‍ച്ചെ 3.47 ന് പരിസര പ്രദേശങ്ങളില്‍ പുക പടരുന്നത് ദൃശ്യങ്ങളില്‍ കാണാം.

മെയ് ഏഴിനാണ് 12 പേരുടെ മരണത്തിന് കാരണായ വിഷവാതക ചോര്‍ച്ച നടന്നത്. വിഷവാതകം ശ്വസിച്ച് വീണ കുഞ്ഞിനെ എടുത്ത സ്ത്രീയും വീഴുന്നത് ദൃശ്യത്തില്‍ കാണാം.

വിഷ വാതക ചോര്‍ച്ചയ്ക്ക് ശേഷം വാതകം ശ്വസിച്ച പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്. അതേസമയം ഇതുവരെ വാതക ചോര്‍ച്ചയ്ക്ക് കാരണക്കാരയവര്‍ക്കെതിരെ ഒരു നിയമ നടപടിയുമിതുവരെ ഉണ്ടായിട്ടില്ല.

കേസില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. എഫ്.ഐ.ആറില്‍ ചോര്‍ന്നത് വിഷവാതകമായ സ്റ്റിറീനാണെന്നു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു.

അതേസമയം ഗ്രാമപ്രദേശത്തുള്ളവരും വാതകം ശ്വസിച്ച് അസുഖബാധിതരായവരുടെ കുടുംബാംഗങ്ങളും ഇതിന് കാരണക്കാരായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു സി.പി.ഐ.എം പ്രര്‍ത്തകരുള്‍പ്പെടെ 28 പേര്‍ക്കെതിരെയാണ് പൊലീസ് വാതകചോര്‍ച്ചക്കെതിരെ പ്രതിഷേധിച്ചതിന് കേസെടുത്തത്.

സാധാരണ ചൂടിനേക്കാള്‍ ആറുമടങ്ങായി കെമിക്കല്‍ പ്ലാന്റിലെ ടാങ്കിന്റെ ഊഷ്മാവ് വര്‍ധിച്ചതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 150 ഡിഗ്രി സെല്‍ഷ്യസ് ആയാണ് അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക