Indian Cinema
'ഒരു ടിഷ്യു ഇത്രയും ഇഷ്യൂ ആകുമെന്ന് പ്രതീക്ഷിച്ചില്ല; ജയിലറിന് ശേഷം മാജിക് സംഭവിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 21, 12:21 pm
Saturday, 21st October 2023, 5:51 pm

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജയിലർ എന്ന ചിത്രം ഇന്ത്യ മൊത്തം വലിയ തരംഗമായപ്പോൾ താരമൂല്യം കുത്തനെ കൂടിയ താരമാണ് കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാർ.

രജനിയോടൊപ്പം മറ്റു ഭാഷകളിലെ സൂപ്പർതാരങ്ങളെയും നെൽസൺ തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തിയപ്പോൾ പിറന്നത് മോഹൻലാൽ, ശിവ രാജ്കുമാർ ആരാധകർക്കും ആഘോഷിക്കാനുള്ള വകയായിരുന്നു. നിമിഷങ്ങൾ മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് കേരളത്തിൽ അടക്കം വലിയ പ്രേക്ഷകപ്രീതി നേടാൻ ശിവരാജ് കുമാറിന് സാധിച്ചിരുന്നു.

ജയിലറിന് ശേഷം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് താരം പറയുന്നത്.’ സത്യത്തിൽ ഇതൊരു മാജിക് തന്നെയാണ്,’ അദ്ദേഹം പറയുന്നു. പുതിയ ചിത്രം ‘ഗോസ്റ്റ്’ ന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസുമായി പങ്കുവെക്കുകയായിരുന്നു ആരാധകരുടെ ശിവണ്ണ.

ചില സമയങ്ങളിൽ ഞാൻ ആലോചിക്കും എങ്ങനെയാണ് ആ ഒരു ചെറിയ വേഷം ഇത്രയധികം പ്രേക്ഷകർ സ്വീകരിച്ചതെന്ന്. ഇപ്പോൾ ആളുകൾ എന്നെ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ഈയിടെ യു. എസിൽ ഒരു പരിപാടിക്ക് ചെന്നിരുന്നു. അവിടെയും ഒരുപാട് ആളുകൾ എന്നെ തിരിച്ചറിഞ്ഞു. എന്റെ അടുത്ത് വന്ന് ഫോട്ടോസ് എടുക്കുന്നു. മുൻപും ഞാൻ അവിടെയെല്ലാം പോയിട്ടുണ്ട്. അന്നൊക്കെ കന്നഡയിലെ ചില ആളുകളും മറ്റു ഭാഷയിലെ കുറച്ചുപേരും മാത്രമായിരുന്നു എന്നെ തിരിച്ചറിഞ്ഞിരുന്നത്.

എന്നാൽ ജയിലർ എന്ന ഒരൊറ്റ ചിത്രത്തിന് ശേഷം എത്രയോ ആളുകളാണ് എന്നെ കാണുമ്പോൾ അടുത്തേക്ക് വരുന്നത്. എവിടെ പോയാലും ഒരുപാട് പേരാണ് എന്നെ കണ്ട് ഒത്തുകൂടുന്നത്. 37 വർഷം സിനിമയിൽ ഉണ്ടായിട്ടും ഇല്ലാത്ത എന്ത് അത്ഭുതമാണ് ജയിലറിന് ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല.

സത്യത്തിൽ ഇതൊരു മാജിക് തന്നെയാണ്. ജയിലറിലെ വെറും 10 മിനിറ്റ് വേഷമാണ് ഈ മാറ്റങ്ങളൊക്കെ ഉണ്ടാക്കിയത്. ഒരു ടിഷ്യു ഇത്ര വലിയ ഇഷ്യൂ ആവുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇപ്പോൾ എവിടെ ചെന്നാലും ശിവണ്ണാ എന്നുള്ള വിളികൾ മുഴങ്ങി കേൾക്കുകയാണ്,’ശിവ രാജ് കുമാർ പറയുന്നു.

Content Highlight: Shiva Rajkumar Talk About Changes In His Career After Jailer Movie