Entertainment
ഒരു കുഞ്ഞ് അനുസരിക്കുന്ന പോലെ എല്ലാം കേട്ട് മമ്മൂക്ക അഭിനയിക്കുന്നത് കണ്ടപ്പോൾ ഞാൻ അതിശയിച്ച് പോയി: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 09, 09:14 am
Sunday, 9th June 2024, 2:44 pm

‘ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രമാണ് ഷൈൻ ടോം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ.

ഉണ്ട എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഷൈൻ. ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകൻ ഖാലിദ് റഹ്മാനെ അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയെ കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. ഒരു അഭിനേതാവിന് ക്ഷമയും അനുസരണയും അത്യാവശ്യമാണെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല.

അവർ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങൾ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും. റഹ്മാന്റെ കൂടെ ഉണ്ട എന്ന ചിത്രം ചെയ്യുമ്പോഴാണ് മനസിലായത്, റഹ്മാൻ എന്നാൽ 27 വയസായ പയ്യൻ. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും.

എന്നിട്ടും അദ്ദേഹം റഹ്മാൻ പറയുന്നത് കേട്ട് ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് പുള്ളി ചെയ്യുന്നത്. മമ്മൂക്ക അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകർ പറയുന്നതൊക്കെ അവർ അനുസരിക്കും.

ഒരു അഭിനേതാവ് എന്നാൽ നല്ല അനുസരണ ശീലവും ക്ഷമയുമുള്ള ഒരു കുട്ടി ആയിരിക്കണം. അല്ലെങ്കിൽ അവർ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും ഒരുപോലെയായിരിക്കും,’ഷൈൻ ടോം ചാക്കോ പറയുന്നു.

 

Content Highlight: Shine Tom Chakko Talk About  Unda Movie Shooting Experience