D' Election 2019
മോദി വീണ്ടും വന്നാല്‍ രാജ്യം വിടില്ല, ജനിച്ചതിവിടെ മരിക്കുന്നതും ഇവിടെ: ശബാന ആസ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 12, 02:50 am
Sunday, 12th May 2019, 8:20 am

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടു അധികാരത്തിലേറിയാല്‍ താന്‍ ഇന്ത്യവിടുമെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി.

പരാജയ ഭീതിയുള്ള വ്യാജ വാര്‍ത്ത ബ്രിഗേഡുകളാണ് തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നതെന്ന് ശബാന ആസ്മി പറഞ്ഞു. അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ആസ്മി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് താരം വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്.

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ആസ്മി ഇന്ത്യ വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ ജനിച്ചത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെ മരിക്കുകയും ചെയ്യും’- ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാത്തിടത്തോളം അവര്‍ നുണ പ്രചരിപ്പിക്കും. അവ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യും. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെ അവജ്ഞയോടെ തള്ളുന്നു. എതിരാളികളെ ശത്രുക്കളെപ്പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും ആസ്മി കൂട്ടിച്ചേര്‍ത്തു.

ശബാന ആസ്മിയുടേതെന്ന പേരില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുന്നത്.