തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന പഞ്ചിംഗ് സമ്പ്രദായത്തില്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് വിയോജിപ്പുമായി സി.പി.ഐ.എം. മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ ജോലിക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ചിത സമയമില്ല. മന്ത്രിമാരുടെ വസതികളിലും പുറത്തുമായിട്ടുമാണ് മിക്ക സ്റ്റാഫുകളും ജോലി ചെയ്യുന്നത്. അതിനാല്‍ അവര്‍ക്ക് പഞ്ചിംഗ് എര്‍പ്പെടുത്തേണ്ടതില്ലെന്നാണ് നേതാക്കളുടെ വാദം.
മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കുലറില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസും പഞ്ചിംഗില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.
ഘടകകക്ഷി മന്ത്രിമാരുടെ യോഗം കൂടി വിളിച്ചുചേര്‍ത്തശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി.ജയരാജന്‍ അറിയിച്ചു.
ജനുവരി ഒന്നുമുതല്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഓഫിസിലെത്തുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് ചെയ്യണമെന്ന് സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. കൃത്യമായി പഞ്ചിംഗ് ചെയ്യാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഒരു ദിവസം കൃത്യം ഏഴുമണിക്കൂര്‍ ജോലിചെയ്യണമെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ട്. പഞ്ചിംഗ് സോഫ്റ്റുവെയറിനെ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്.
എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കൃത്യസമയത്ത് പഞ്ചിംഗ് ചെയ്തില്ലെങ്കില്‍ ശമ്പളം കുറയുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധവുമുണ്ട്. നേരത്തേ പഞ്ചിംഗ് എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.എന്നാല്‍ ജീവനക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
ജോലിയിലെ കാര്യക്ഷമതയും, അച്ചടക്കവും ലക്ഷ്യമിട്ടാണ് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.