ജനങ്ങളുടെ പി.ആര്‍.ഒകള്‍
Labour Crisis
ജനങ്ങളുടെ പി.ആര്‍.ഒകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 7:09 pm

ശാസ്ത്രസാങ്കേതികരംഗം വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് മറുഭാഗത്ത് പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. പരമ്പരാഗത തൊഴില്‍ ജീവിതത്തില്‍ സജീവമായിരുന്ന പല ഉപകരണങ്ങളും അതോടൊപ്പം അന്യംവന്ന കൊട്ട, പായ, കയ്യില്‍, ചിരവ, തുണിസഞ്ചി തുടങ്ങി ഒരുപാട് ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യവും ശ്രദ്ധിക്കപ്പെടാതെ പോയി. അങ്ങനെ പ്രാദേശികമായി സജീവമായിരുന്ന നിര്‍മാണ ജ്ഞാനരൂപങ്ങള്‍ ആഗോളവല്‍ക്കരണത്തിന്റെ കടന്നാക്രമണങ്ങളില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു.

അവ ഗ്രാമജീവിതത്തെയും അതിന്റെ ഒഴുക്കിനെയും താറുമാറാക്കി. പുതുതായി കടന്നുവന്ന നവലോകം ഭൂരിപക്ഷത്തെയും ആശങ്കയിലാക്കി. ആഗോളതലത്തില്‍ രൂപമെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്കനുസരിച്ച് ജനജീവിതത്തെ പരുവപ്പെടുത്തിയെടുക്കുന്ന തലത്തിലേക്ക് കോര്‍പറേറ്റുകള്‍ അവരുടെ അജണ്ടകള്‍ തടസ്സമില്ലാതെ നടപ്പാക്കുകയായിരുന്നു. ഇത്തരം സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടുപോയ അനേകം മേഖലകളില്‍ ഒന്നാണ് കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റുകളെന്ന് അറിയപ്പെടുന്ന ബോര്‍ഡെഴുത്തുകാരും ബാനറെഴുത്തുകാരുമൊക്കെ.

മറ്റ് തൊഴില്‍മേഖലകളെപ്പറ്റി കുറച്ചൊക്കെ പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ടെങ്കിലും ബോര്‍ഡെഴുത്തുകാരെപ്പറ്റി ആരെങ്കിലും കാര്യക്ഷമമായി പരിശോധിക്കുക പോലും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. അതേയവസരം, പരസ്യകലയുടെ ഏറ്റവും മുകള്‍ത്തട്ടിലുള്ള വിഭാഗങ്ങള്‍ കെട്ടുറപ്പോടെ നില്‍ക്കുന്നുണ്ട്.

അവര്‍ക്ക് ശക്തമായ സംഘടനകളും നിലവിലുണ്ട്. ഇത്തരം പരസ്യസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ കാലത്തിന്റെ സാങ്കേതിക ജ്ഞാനരൂപമാണാവശ്യം. അത്തരം ഒരു യൂണിറ്റ് തുടങ്ങാന്‍ സാധാരണക്കാരായ പരസ്യബോര്‍ഡ് എഴുത്തുകാര്‍ക്ക് കഴിയില്ല. ഭാരിച്ച സാമ്പത്തികം ആവശ്യമാണിതിന്. അഞ്ചും ആറും വര്‍ഷങ്ങള്‍ കൊണ്ട് സ്വായത്തമാക്കിയെടുക്കുന്ന ബോര്‍ഡെഴുത്ത് ജോലികൊണ്ട് കുടുംബം പോറ്റിയിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ഫ്ളക്സിന്റെ കടന്നുവരവോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി.

മറ്റൊരു തൊഴില്‍ അറിയാത്തതുകൊണ്ടും വേറെ വഴിയില്ലാത്തതിനാലും ബോര്‍ഡെഴുത്തുകാര്‍ ജീവിതമെഴുതാന്‍ കഴിയാതെ പ്രതിസന്ധി നേരിടുന്നുണ്ട്. വളരെ കുറച്ചുപേര്‍ ഗള്‍ഫ് നാടുകളിലേക്കും കുറച്ചുപേര്‍ കെട്ടിടങ്ങളുടെ പെയിന്റുപണിക്കും മാറിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷവും കാര്യമായ തൊഴിലില്ലാതെ അങ്കലാപ്പിലാണ്.

പാര്‍ലമെന്റ്, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ ഏറ്റവും പ്രസക്തമായ പ്രചാരണോപാധി ഇന്നും ബോര്‍ഡെഴുത്ത് തന്നെയാണ്. ഊണും ഉറക്കവുമൊഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും കൃത്യമായ കൂലിപോലും കിട്ടാന്‍ പലരുടെയും ദയാവായ്പിനായി കാത്തിരിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലേറിയാല്‍ ഇത്തരം കലാകാരന്‍മാരെ ഭൂരിഭാഗം പേരും അവഗണിക്കുകയാണ് പതിവ്. ശേഷം സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ആശ്രിതര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്യും.

പേരിന് അതിന്റെ സാങ്കേതികരീതികള്‍ കൈക്കൊള്ളുമെങ്കിലും അവരുദ്ദേശിക്കുന്നവര്‍ക്ക് തന്നെയായിരിക്കും ഇത്തരം ജോലികള്‍ ലഭിക്കുക. ഇത്തരം ബോര്‍ഡെഴുത്ത് കലാകാരന്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാനോ അവരെ നിലനിര്‍ത്തേണ്ട ആവശ്യത്തിലേക്ക് എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളാനോ ആരും കാര്യമായി മുന്നോട്ടു വന്നിട്ടില്ല. ഈ രംഗത്ത് ഇത്തരം ആര്‍ടിസ്റ്റുകള്‍ യോജിച്ചുനില്‍ക്കാന്‍ തയ്യാറാവാത്തതും ഒരു കാരണമാണ്.

ഇപ്പോഴും ജോലിക്ക് കൃത്യമായും സമയബന്ധിതമായും പ്രതിഫലം നല്‍കാന്‍ പലരും തയ്യാറല്ല. ഇതെഴുതുന്ന ലേഖകന് തന്നെ ഇത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പറഞ്ഞുറപ്പിച്ച പണം കൊടുക്കാതിരിക്കുക, തൊഴില്‍ ചെയ്തുകഴിഞ്ഞ ശേഷം അങ്ങനെയല്ല വേണ്ടതെന്ന് പറയുക, പറഞ്ഞതുപോലെയല്ല ചെയ്തതെന്ന് പറയുക ഇങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ഈ തൊഴില്‍മേഖലയില്‍ സംഭവിക്കുന്നുണ്ട്. ആരോടും പറയാനില്ലാത്തതുകൊണ്ടും മറ്റ് നടപടികളിലേക്ക് പോയാലുണ്ടാവുന്ന പൊല്ലാപ്പുകളോര്‍ത്തും ആരും അതിനൊന്നും മുതിരാറില്ല. കുറച്ചുവര്‍ഷം മുമ്പ് കോഴിക്കോട് വച്ച് ഇത്തരം കലാകാരന്‍മാരുടെ ഒരു സംഘടന അസോസിയേഷന്‍ ഓഫ് കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് (എസിഎ) എന്ന പേിരില്‍ രൂപീകരിച്ചിരുന്നു.

വളരെ ആവേശത്തോടെ രൂപം കൊണ്ടതാണെങ്കിലും അതിപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. ഫ്ളക്സിന്റെ കടന്നുവരവാണ് ഇത്തരം കലാകാരന്‍മാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയത്. ഫ്ളക്സ് നിരോധിച്ചതായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിപ്പോഴും സര്‍ക്കാര്‍ പരസ്യമടക്കം ഫ്ളക്സില്‍ തന്നെയാണ് കണ്ടുവരുന്നത്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലുമുള്ള വലിയ സാമ്പത്തികം ആവശ്യമുള്ള പരസ്യങ്ങള്‍ പരസ്യമേഖലയുടെ മുകളിലുള്ള വമ്പന്‍ മുതലാളിമാരാണ് കൊണ്ടുപോവുന്നത്. അവര്‍ വളരെ തുച്ഛമായ കൂലിക്ക് ഇത്തരം കലാകാരന്‍മാരെകൊണ്ട് പണിയെടുപ്പിച്ചുകൊണ്ട് ലാഭം കൊയ്യും. മറ്റ് വഴികളും സാധ്യതകളുമില്ലാതെ കലാകാരന്‍മാര്‍ക്ക് അവര്‍ പറയുന്ന കൂലിക്ക് പണിയെടുത്ത് കൊടുക്കുകയെ നിര്‍വാഹമുള്ളു.

പരസ്യരംഗം കോടികള്‍ മറിയുന്ന ബിസിനസ്സ് ആയതുകൊണ്ട് സാധാരണ ജനങ്ങളെ സംബന്ധിച്ച് ഇത്തരം ബോര്‍ഡെഴുത്തുകാര്‍ വന്‍ പ്രതിഫലം വാങ്ങുന്നവരാണെന്നാണ് ധാരണ. സിനിമാലോകത്തെയും രാഷ്ട്രീയത്തിലെയും കായികരംഗത്തെയും ഉന്നതിയിലുള്ളവര്‍ പരസ്യമേഖലയിലൂടെ കോടികള്‍ വാങ്ങിക്കൂട്ടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ബഹുഭൂരിപക്ഷം ബോര്‍ഡെഴുത്തുകാരുടെയും ജീവിതം പരിശോധിച്ചാല്‍ എത്രമാത്രം ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വ്യക്തമാവും. കൃത്യമായ വരുമാനമില്ലാതെ തുച്ഛമായ പൈസയ്ക്ക് വെയിലുകൊണ്ട് പണിയെടുക്കുകയാണ് ബോര്‍ഡെഴുത്തുകാര്‍.

ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു പുനര്‍ചിന്തനത്തന് തയ്യാറായല്‍ ഒരുപരിധിവരെ ഇത്തരം കലാകാരന്‍മാരെ രക്ഷിക്കാനാവും. ഉദാഹരണമായി സര്‍ക്കാരിന്റെ നേരിട്ടുള്ള പരസ്യങ്ങളില്‍ എഴുത്തിന് (ചുവരെഴുത്ത്, ബോര്‍ഡെഴുത്ത്, ബാനര്‍) പ്രഥമ പരിഗണന നല്‍കുകയും അവ ഈ മേഖലയില്‍ സ്ഥിരമായി ജോലിചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തോടെ വീതിച്ചു നല്‍കാനും തയ്യാറായാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് വളരെ വലിയ പ്രയോജനം ചെയ്യും. ജനാധിപത്യത്തിന്റെ വിസ്തൃതമായ ലോകത്തേക്ക് കടക്കുമ്പോള്‍ ഇത്തരം ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതികളിലേക്കായി കണക്കിലെടുക്കേണ്ടതുണ്ട്. അത്തരമൊരരു പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായി ബോര്‍ഡെഴുത്തുകാരുടെ കൂടി പങ്കാളിത്തത്തെയും ജീവിതത്തെയും ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

രവി ചിത്രലിപി

WATCH THIS VIDEO: