റാഞ്ചി: ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ധന്‍ബാദില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമായത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിര്‍ണായക ഇടപെടലാണ് സുപ്രീംകോടതി ഇപ്പോള്‍ നടത്തിയത്.
അതേസമയം, പൊലീസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് ജാര്‍ഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തമിന് പുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായെന്നും രാജ്യത്തെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷ വിശാല അര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വ്യക്തമാണ്.
സി.സി.ടി.വിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു.