കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന പിരിക്കാന്‍ പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരാതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംവിധാനമായ യോനോ ആപ്പിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന ചെയ്യാന്‍ പരസ്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൈറ്റില്‍ പരസ്യമുള്ള സമയത്ത് ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവിന് രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന ചെയ്യുക എന്നാവശ്യപ്പെടുന്ന ലിങ്ക് കാണാന്‍ കഴിയും.
പേജിന്റെ താഴെ ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന അക്കൗണ്ട് പേരും നമ്പറും ഐ.എഫ്.എസി കോഡുമടക്കമാണ് പ്രത്യക്ഷപ്പെട്ടത്. അതിന് താഴെയായി എസ്.ബി.ഐ.യുടെ യു.പി.ഐ കോഡും രേഖപ്പെടുത്തിയിരുന്നു.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്.ബി.ഐ. ഉപയോഗപ്പെടുത്തി രാജ്യത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സംഭാവന പിരിക്കുന്ന നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ബേങ്കിങ്ങ് മേഖലയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നു വരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സൈറ്റില്‍ ഉണ്ടായിരുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയസമീപനത്തിന്റെ ഭാഗമായി ഇന്ത്യയിലെ സ്വതന്ത്ര സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വിനിയോഗിക്കുക എന്ന നയം നടപ്പിലാക്കുന്നതിന്റെ കേവല ദൃശ്യം മാത്രമാണ് ഇപ്പോള്‍ യോനോ ആപ്പിന് കീഴില്‍ ഉണ്ടായിരിക്കുന്ന ഈ സ്‌ക്രോളിങ്ങ് എന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“സര്‍ക്കാരിന്റെ പൊതുവായ നയത്തില്‍ തന്നെയാണ് ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇത്തരം നീക്കങ്ങളുടെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇപ്പോള്‍ എസ്.ബി.ഐയില്‍ വന്നിരിക്കുന്ന ഈ പരസ്യം രാജ്യത്ത് പത്ത് മുപ്പത് വര്‍ഷമായി നിലനില്‍ക്കുന്ന നയം മാറ്റങ്ങളുടെ പ്രത്യാഘാതമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെയും, തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സി.ബി.ഐയുടെയുമെല്ലാം നിലവാരം എന്താണെന്ന് ആലോചിച്ചു നോക്കൂ. നാളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പകരം റിലയന്‍സ് ബാങ്ക ഓഫ് ഇന്ത്യ എന്നു കണ്ടാല്‍പ്പോലും നമ്മള്‍ ഞെട്ടില്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യേണ്ട ലിങ്കുകള്‍ യോനോ ആപ്പില്‍ ഉണ്ടായിരുന്നു.
അതിന് സമാനമായി യോനോവിലൂടെ ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് പരസ്യപിരവ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേത്.
ലക്ഷക്കണക്കിന് ആളുകള്‍ പ്രതിദിനം യോനോ ആപ്പിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കിടയിലെല്ലാം രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പരസ്യം എത്തുന്നത് ഉപഭോക്താക്കളെ വര്‍ഗീയവത്ക്കരിക്കാനും ഒരു പൊതുമേഖല സ്ഥാപനത്തിന്റെ വിശ്വാസതയില്‍ തകര്‍ച്ചയുണ്ടാക്കാനും ഇടയാക്കും എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച യോനോ ആപ്പിന് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്.
ഈ ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളായ യു.കെയിലും മൗറീഷ്യസിലും ലഭ്യമാണ്. 420ദശലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവില്‍ എസ്.ബി.ഐയ്ക്ക് ഉള്ളത് എന്നാണ് കണക്കുകള്‍.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും സംഭാവന സ്വീകരിക്കുമെന്ന് നേരത്തെ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തി 10 രൂപയുടെ സംഭാവനയെങ്കിലും ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കണമെന്നാണ് ട്രസ്റ്റ് കരുതുന്നതെന്നും ഒരു രൂപയായാലും തങ്ങള്‍ സ്വീകരിക്കുമെന്നും ട്രസ്റ്റിന്റെ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2020 മാര്‍ച്ച് മാസത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനായി എസ്.ബി.ഐയില്‍ പുതിയ അക്കൗണ്ട് രൂപീകരിച്ചിരുന്നു. 1992 ല്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിന് ശേഷം രൂപീകരിച്ച അക്കൗണ്ടുമായി മെര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് അക്കൗണ്ട് തുറന്നതെന്ന് ട്രസ്റ്റിലെ ഒരു അംഗം പറഞ്ഞതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്ഷേത്ര നിര്‍മ്മാണത്തിന് മാത്രമായി ട്രസ്റ്റ് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ മോഡിപിടിപ്പിക്കുന്നതിനും മറ്റുമായി അധിക തുക ആവശ്യമാണെന്നും ട്രസ്റ്റ് പറയുന്നു. മൂന്നര വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്.
ദേവ് ഗിരിജി മഹാരാജാണ് രാം ജന്മഭൂമി ട്രസ്റ്റിന്റെ ട്രഷര്‍. ഇതിനോടകം കോടികളുടെ തുക ക്ഷേത്ര നിര്‍മ്മാണത്തിനയി സംഭാവനയായി ലഭിച്ചുവെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന പിരിക്കുന്നുണ്ട്. എന്നാല്‍ ഒരു പൊതുമേഖല സ്ഥാപനത്തെ ഇതിനായി ഉപയോഗപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sbi ad for ram temple construction contribution