Film News
സന്ദേശത്തിനോടുള്ള ദേഷ്യം കാരണം ഇപ്പോഴും ആളുകള്‍ തെറി വിളിക്കാറുണ്ട്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 29, 05:17 am
Friday, 29th April 2022, 10:47 am

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1991 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സന്ദേശം. ജയറാം, ശ്രീനിവാസന്‍, തിലകന്‍, സിദ്ധിഖ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി, കെ.പി.എ.സി ലളിത, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

ഒരു കുടുംബത്തിലെ രണ്ട് ആണ്‍മക്കള്‍ രണ്ട് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ഒരു കുടുംബത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

സന്ദേശത്തിനോടുള്ള ദേഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ആളുകള്‍ തന്നെ തെറി വിളിക്കാറുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. നേതാക്കന്മാര്‍ ചിത്രത്തിന്റെ ആരാധകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘സന്ദേശം എന്ന സിനിമയില്‍ ശങ്കരാടിയുടെ ഫേമസായ ഡയലോഗുണ്ട്. ഇരുപാര്‍ട്ടികളും പ്രഥമ ദൃഷട്യാ ഇരു ചേരിയിലായിരുന്നുവെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. ഇത് ശങ്കരാടിയല്ലാതെ മറ്റൊരു നടന്‍ പറഞ്ഞാല്‍ ഇത്ര ഇഫക്ടീവാകില്ല. ഇന്നും സ്ഥിതി അത് തന്നെയാണ്. സന്ദേശത്തിനോടുള്ള വൈരാഗ്യം കൊണ്ട് ആളുകളെന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തെറി വിളിക്കാറുണ്ട്.

നേതാക്കന്മാര്‍ക്ക് പ്രശ്‌നമൊന്നുമില്ല. നേതാക്കന്മാര്‍ ഇപ്പോഴും ഇതിന്റെ ആരാധകരാണ്. എന്റെ വായില്‍ നിന്നും വരുന്ന വെല്ലോ വാക്കും പിടിച്ചിട്ട് എന്തേലും പറയും. കാരണം വേറെ പലതാണ്, യഥാര്‍ത്ഥ കാരണം സന്ദേശത്തിനോടുള്ള ദേഷ്യമാണ്.

ഇത് ഒരു അരാഷ്ട്രീയ സിനിമയാണെന്ന് പല പ്രാവിശ്യം പറഞ്ഞ് പരത്താന്‍ ശ്രമിച്ചിട്ടും ഏല്‍ക്കുന്നില്ല. 32 കൊല്ലം മുമ്പ് ആ സിനിമ എടുത്തിട്ട് ഞാന്‍ വിട്ട് കളഞ്ഞതാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

അതേസമയം ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്.

ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്ലന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: sathyan anthikkad about Sandhesam movie