Kerala
തിരുവനന്തപുരം മേയര്‍ അഹങ്കാരത്തോടെ പെരുമാറുന്നു: ശശിതരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 16, 07:55 am
Saturday, 16th June 2012, 1:25 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എംപി. മേയറുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് കാരണമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമായി സഹകരിക്കാന്‍ മേയര്‍ തയാറാകുന്നില്ല. മാലിന്യപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് പകരം മേയര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയാണ്.

അക്രമരാഷ്ട്രീയത്തിനെതിരെയാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ വിധിയെഴുതിയത്. എന്നിട്ടും മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു പാഠവും പഠിക്കുന്നില്ലെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. നഗരം ചീഞ്ഞുനാറുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും ശശി തരൂര്‍ ആരോപിച്ചു.

മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ രാവിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഇടത് അനുകൂല സംഘടനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ വിമര്‍ശം.

മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കവാടം ഉപരോധിച്ചത്. ഇതിനിടെ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഇടത് സംഘടനയിലെ ജീവനക്കാരും പ്രതിഷേധവുമായി എത്തുകയായിരുന്നു.