ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌നയ്ക്ക് ഹോക്കി ടീം മുന്‍ ക്യാപറ്റന്‍ സര്‍ദാര്‍ സിംഗും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജഗാരിയയും അര്‍ഹരായി. അതേസമയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പരിഗണിച്ചില്ല. ബി.സി.സി.ഐ കായിക മന്ത്രാലയത്തിന് അയച്ച പട്ടികയില്‍ മിതാലിയുടെ പേരില്ലായിരുന്നു.
മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിനെയും പുരസ്‌കാരത്തിന് പരിഗണിച്ചില്ല. ജസ്റ്റിസ് സി.കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. പി.ടി ഉഷയും വിരേന്ദര്‍ സെവാഗും സമിതിയില്‍ അംഗങ്ങളാണ്.
ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയും വനിതാ ലോകകപ്പ് സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹര്‍മന്‍ പ്രീത് കൗറും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. പ്രശാന്തി സിംഗ്, എസ്.വി സുനില്‍, ആരോക്യ രാജീവ്, ഖുശ്ബി കൗര്‍ എന്നിവര്‍ക്കും അര്‍ജുനയുണ്ട്.
പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പനെയും ബോക്‌സിംഗ് താരം മനോജ് കുമാറിനെയും പിന്തള്ളിയാണ് സര്‍ദാര്‍ സിംഗും ജഗാരിയയും ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായത്.
രണ്ട് പാരാലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജഗാരിയ. 2004 ല്‍ അര്‍ജുന അവാര്‍ഡും 2012 ല്‍ പത്മശ്രീയും നേടിയിട്ടുണ്ട്. പത്മശ്രീ നേടുന്ന ആദ്യ പാരാലിംപിക്‌സ് താരം കൂടിയാണ് ജഗാരിയ. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് സര്‍ദാര്‍ സിംഗായിരുന്നു. എട്ടു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യപ്റ്റനായിരുന്നു.