കൊച്ചി: സന്തോഷ് വര്‍ക്കിക്ക് നേരെ തിയേറ്ററില്‍ ആക്രമണം. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത വിത്തിന്‍ സെക്കന്‍ഡ്സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തീരുന്നതിന് മുമ്പ് റിവ്യൂ പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമാ പ്രവര്‍ത്തകര്‍ സന്തോഷിനെ ആക്രമിച്ചത്.
ചിത്രം മുഴുവനായി കാണാതെ റിവ്യൂ പറഞ്ഞതിനെ സിനിമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് വാക്ക് തര്‍ക്കത്തിലേക്ക് തിരിയുകയായിരുന്നു.
തനിക്ക് ചിത്രം ഇഷ്ടമായില്ലെന്നും ഒരു ഓണ്‍ലൈന്‍ ചാനല്‍ നിര്‍ബന്ധിച്ചിട്ടാണ് റിവ്യൂ പറഞ്ഞതെന്നും സന്തോഷ് പറഞ്ഞു. താന്‍ ആരോടും പണം വാങ്ങിച്ചിട്ടില്ലെന്നും, സ്വന്തം അഭിപ്രായമാണ് പറയുന്നതെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇറങ്ങിപ്പോയി. എന്നെക്കൊണ്ട് നിര്‍ബന്ധിച്ചു റിവ്യൂ പറയിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞതാണ് റിവ്യൂ കൊടുക്കുന്നില്ലെന്ന്. ഞാന്‍ ആരുടേയും കയ്യില്‍ നിന്ന് പണം വാങ്ങിച്ചിട്ടില്ല. അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ കോടീശ്വരനായേനേ. എന്നെ ഉപദ്രവിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അരമണിക്കൂര്‍ മാത്രമേ സിനിമ കണ്ടിട്ടുള്ളു, അതുകൊണ്ട് റിവ്യൂ പറയില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും അവര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചു.
എനിക്ക് ചിത്രം ഇഷ്ടപ്പെടാത്തതുകൊണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങി പോയി. വിത്തിന്‍ സെക്കന്‍ഡ്സ് എന്ന ചിത്രമാണ്. എനിക്കത് ഇഷ്ട്ടമായില്ല.
എന്നോട് ചോദിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ റിവ്യൂ പറഞ്ഞത്, ഇനി ഞാന്‍ ഒരിക്കലും റിവ്യൂ പറയില്ല. എനിക്ക് ചിത്രം ഇഷ്ട്ടമാകാത്തത് കൊണ്ട് ഞാന്‍ വീട്ടിലേക്ക് പോകുകയായിരുന്നു. എന്നെ തിരികെ വിളിച്ച് റിവ്യൂ പറയിപ്പിക്കുകയായിരുന്നു. ചിത്രം കണ്ടില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. കാരണം എനിക്കറിയാം ഇത് വലിയൊരു പ്രശ്‌നം ആകുമെന്ന്. ഇനി ഒരിക്കലും ഞാന്‍ റിവ്യൂ പറയില്ല,’ സന്തോഷ് പറഞ്ഞു.
തങ്ങള്‍ കഷ്ടപ്പെട്ടെടുത്ത ചിത്രമാണെന്നും ധാരാളം ആളുകളുടെ അദ്ധ്വാനം ആണ് നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തി നശിപ്പിക്കാന്‍ തോന്നുന്നതെന്നുമാണ് സിനിമ പ്രവര്‍ത്തത്തകര്‍ പറഞ്ഞത്.