അധികമാര്‍ക്കുമറിയാത്ത ഇരട്ടപ്പേര്; മെസിയോ റൊണാള്‍ഡോയോ എന്ന ക്ലീഷേ ചോദ്യത്തിന് മികച്ച മറുപടി, വേണ്ടത് ഈ സൂപ്പര്‍ പവര്‍; റാപ്പിഡ് ഫയറില്‍ പൊളിച്ചടുക്കി സഞ്ജു
Sports News
അധികമാര്‍ക്കുമറിയാത്ത ഇരട്ടപ്പേര്; മെസിയോ റൊണാള്‍ഡോയോ എന്ന ക്ലീഷേ ചോദ്യത്തിന് മികച്ച മറുപടി, വേണ്ടത് ഈ സൂപ്പര്‍ പവര്‍; റാപ്പിഡ് ഫയറില്‍ പൊളിച്ചടുക്കി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th August 2022, 5:58 pm

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഏകദിന ടീമിനൊപ്പം ചേരുന്നു എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ഓഗസ്റ്റ് 18ന് പരമ്പരയിലെ ആദ്യ മത്സരം നടക്കാനിരിക്കെ ബി.സി.സി.ഐ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്.

സഞ്ജുവിനോട് ഒന്നിന് പിന്നാലെ ഒന്നായി ചോദ്യം ചോദിക്കുന്ന റാപ്പിഡ് ഫയര്‍ സെഷനാണ് ചര്‍ച്ചയാവുന്നത്.

അധികമാര്‍ക്കുമറിയാത്ത തന്റെ നിക് നെയിമിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘പപ്പു’ എന്നാണ് ആ പേരെന്നാണ് സഞ്ജു പറയുന്നത്.

ചോക്ലേറ്റ് കഴിക്കാന്‍ ഒരുപാടിഷ്ടമാണെന്നും എന്നാല്‍ മത്സരത്തിന്റെ ഭാഗമായി ഇപ്പോള്‍ കഴിക്കാറില്ലെന്നും പറഞ്ഞ സഞ്ജു, അമ്മ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇഷ്ടമെന്നും പറയുന്നു.

മെസിയെ ആണോ റൊണാള്‍ഡോയെ ആണോ ഏറ്റവും ഇഷ്ടമെന്ന് ചോദ്യത്തിന് രണ്ടുപേരെയും ഏറെയിഷ്ടമാണെന്നും എന്നാല്‍ മെസിയോട് ഒരല്‍പം ഇഷ്ടക്കൂടുതല്‍ ഉണ്ടെന്നും സഞ്ജു പറയുന്നു.

ഇഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് താരമാണെന്നുള്ള ചോദ്യത്തിന് തന്റെ കരിയറില്‍ ഒരുപാട് പോര്‍ക്കൊപ്പം കളിച്ചിട്ടുണ്ടെന്നും, ധോണിയാണ് ഏറ്റവും പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് താരമെന്നും സഞ്ജു പറയുന്നു.

നിമിഷ നേരം കൊണ്ട് ദൂരസ്ഥലങ്ങളില്‍ എത്തുന്ന സൂപ്പര്‍ പവറാണ് തനിക്കാവശ്യമെന്നും സഞ്ജു റാപ്പിഡ് ഫയറില്‍ വ്യക്തമാക്കുന്നു. ശിഖര്‍ ധവാന്റെ റീല്‍സ് കാണുന്നത് ഏറെ രസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യ – സിംബാബ്‌വേ ആദ്യ ഏകദിനത്തില്‍ സഞ്ജു കളിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് താരം ടീമില്‍ ഇടം നേടിയതെങ്കിലും ഫീല്‍ഡറുടെ ചുമതലയും സഞ്ജുവില്‍ ഭദ്രമാണ്.

ഈ പരമ്പരയിലെ മികച്ച പ്രകടനത്തോടെ അടുത്ത ഏകദിന പരമ്പരകളിലും തന്റെ സാന്നിധ്യം ഉറപ്പാക്കുകയും നിരന്തരമായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച്, അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി മെന്‍സ് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുക എന്ന ലക്ഷ്യം തന്നെയാവും സഞ്ജുവിനുള്ളത്.

ആ ലോങ് ടേം ഗോളിന് മുന്നോടിയായുള്ള ചെറിയ-വലിയ ചുവടുവെപ്പായിരിക്കും തുടര്‍ന്ന് വരുന്ന ഓരോ മത്സരങ്ങളും.

പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‌വേ പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18, 20, 22 തിയതികളിലായാണ് മത്സരം നടക്കുന്നത്.

 

Content Highlight: Sanju Samson’s funny reply during rapid fire session