ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ സ്വയം വിമര്‍ശനവുമായി ബി.ജെ.പി രാജ്യസഭാ എം.പി സഞ്ജയ് കകാഡെ. 2014ല്‍ ജനങ്ങള്‍ക്കു മുമ്പില്‍ മോദി മുന്നോട്ടുവെച്ച വികസനമെന്ന ആശയം മറന്ന് പ്രവര്‍ത്തിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
വികസനത്തില്‍ നിന്നും ശ്രദ്ധമാറി നമ്മള്‍ ശ്രദ്ധിച്ചത് രാമക്ഷേത്രത്തിലും, പ്രതിമകള്‍ നിര്‍മ്മിക്കുന്നതിലും നഗരങ്ങളുടെ പേരുമാറ്റുന്നതിലുമാണെന്നും അതാണ് തിരിച്ചടിക്കു കാരണമെന്നുമാണ് അദ്ദേഹം പറയുന്നത്.
“രാജസ്ഥാനിലും ഛത്തീസ്ഗഢിലും നമ്മള്‍ തോല്‍ക്കുമെന്ന് എനിക്കറിയാം. പക്ഷേ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ഞെട്ടലുണ്ടാക്കി. 2014ല്‍ മോദി മുന്നോട്ടുവെച്ച വികസനമെന്ന വിഷയം നമ്മള്‍ മറന്നെന്നാണ് എനിക്കു തോന്നുന്നത്. രാമക്ഷേത്രവും, പ്രതിമകളിലും, പേരുമാറ്റലുകളിലുമായി ശ്രദ്ധ” സഞ്ജയ് കകാഡെ പറയുന്നു.
തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. രാജസ്ഥാനില്‍ 2013ല്‍ 163 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ ഇതിന്റെ പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അന്ന് വെറും 21 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് നൂറിലേറെ സീറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
2013ല്‍ മധ്യപ്രദേശില്‍ 165 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി വിജയിച്ചത്. ഇത്തവണ 60ലേറെ സീറ്റുകള്‍ ഇവിടെയും നഷ്ടമായി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവ. ഇവിടുത്തെ അടിത്തറ ഇളകിയെന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.