എപ്പോള്‍ കണ്ടാലും കരച്ചില്‍ വരുന്ന ഒരേയൊരു സിനിമ; കരയാതെ കാണാനാകില്ല: സായ് പല്ലവി
Entertainment
എപ്പോള്‍ കണ്ടാലും കരച്ചില്‍ വരുന്ന ഒരേയൊരു സിനിമ; കരയാതെ കാണാനാകില്ല: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st October 2024, 10:34 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് സാധിച്ചിരുന്നു. മലയാളത്തില്‍ മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ സിനിമകളുടെ ആരാധകരാണ്.

എപ്പോള്‍ കണ്ടാലും തനിക്ക് കരച്ചില്‍ വരുന്ന സിനിമ ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സായ് പല്ലവി. പി.എസ്. കീര്‍ത്തന, മാധവന്‍, സിമ്രാന്‍, പശുപതി, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2002ല്‍ പുറത്തിറങ്ങിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയെ പറ്റിയാണ് നടി പറഞ്ഞത്.

കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ എപ്പോള്‍ കണ്ടാലും തനിക്ക് കരച്ചില്‍ വരുമെന്നും ആ സിനിമ ഒരുപാട് ഇഷ്ടമാണെന്നുമാണ് സായ് പല്ലവി പറയുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു നടി.

‘എപ്പോള്‍ കണ്ടാലും എനിക്ക് കരച്ചില്‍ വരുന്ന ഒരു സിനിമയാണ് കന്നത്തില്‍ മുത്തമിട്ടാല്‍. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കരയാതെ എനിക്ക് കന്നത്തില്‍ മുത്തമിട്ടാല്‍ സിനിമ കാണാന്‍ പറ്റില്ല,’ സായ് പല്ലവി പറയുന്നു.

പ്രേമം എന്ന സിനിമയിലൂടെയാണ് നടി മലയാളത്തില്‍ എത്തുന്നത്. 2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവിക്ക് പുറമെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ നായികമാരായി എത്തിയത്.

സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായിട്ടും മലയാളികള്‍ തന്നെ മലര്‍ എന്ന പേരിലാണ് വിളിക്കുന്നതെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ആളുകളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും സായ് കൂട്ടിച്ചേര്‍ത്തു.

‘പ്രേമം സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായി. ഇപ്പോള്‍ പോലും ഞാന്‍ കൊച്ചിയില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നത് മലര്‍ എന്നാണ്. ആ സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായി എന്ന് എനിക്ക് തോന്നാറില്ല.

ആളുകളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. പത്ത് വര്‍ഷം ആകാറായിട്ടും ഇപ്പോഴും ആളുകള്‍ ക്യൂരിയസാണ്. ആ സിനിമ മാജിക്കലായ ഒരു പ്രതിഭാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ സായ് പല്ലവി പറയുന്നു.


Content Highlight: Sai Pallavi Talks About Kannathil Muthamittal