തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ജൂറി ചെയര്‍മാന്‍ സെയ്ദ് അഖ്തര്‍ മിര്‍സ.
എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നുമാണ് സെയ്ദ് മിര്‍സ പറഞ്ഞത്. ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന്‍ ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്നും സെയ്ദ് മിര്‍സ പറഞ്ഞു.
‘ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ല. അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനം അനുസരിച്ചാണ്’, മിര്‍സ പറഞ്ഞു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു.
ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചിരുന്നു.
‘ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവും. കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ.
കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല.