മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പരമ്പരകളിലൊന്നിനാണ് കളമൊരുങ്ങുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റിനെ ഡിഫൈന്‍ ചെയ്യുന്ന പരമ്പരകളില്‍ ആഷസിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം പ്രാധാന്യം കല്പിക്കുന്ന ഇന്ത്യ vs ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുടെ ഏറ്റവും പുതിയ എഡിഷന് നവംബര്‍ 22ന് തുടക്കമാവുകയാണ്.
റെഡ് ബോള്‍ ക്രിക്കറ്റിലെ അതികായരായ അലന് ബോര്‍ഡറിനോടും സുനില്‍ ഗവാസ്കറിനോടുമുള്ള ആദരസൂചകമായി 1996ലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയെന്ന ഈ ബൈലാറ്ററല്‍ സീരീസ് ആരംഭിക്കുന്നത്. അന്നുതൊട്ടിന്നുവരെ 16 തവണയാണ് ഈ പരമ്പര നടന്നിട്ടുള്ളത്.
ആകെ നടന്ന 16 പരമ്പരയില്‍ പത്ത് തവണയാണ് ഇന്ത്യയാണ് ചാമ്പ്യന്മാരായത്. 2003-2004 സീസണില്‍ ഒരു തവണ പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ അഞ്ച് തവണ ഓസ്ട്രേലിയയും ചാമ്പ്യന്മാരായി.
2022-23 സീസണില്‍ ഓസീസിനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യയാണ് നിലവില്‍ ട്രോഫി കൈവശം വെച്ചിരിക്കുന്നത്. ആ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയും 2015ന് ശേഷം ഇന്ത്യയെ തോല്പിക്കാന് സാധിച്ചില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഓസീസും ഇറങ്ങുമ്പോള്‍ ഫലം പ്രവചനങ്ങള്‍ക്കുമപ്പുറമാണ്
ബി.ജി.ടിയുടെ ചരിത്രം, അഥവാ സച്ചിന്റെ വീരേതിഹാസം
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഒരിക്കല്‍ പോലും മാറ്റിവെക്കാന്‍ സാധിക്കാത്ത പേരാണ് ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന് ടെന്‍ഡുല്‍ക്കറിന്റേത്. ഒരുകാലം വരെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി എന്നാല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബൈലാറ്ററല്‍ പരമ്പര എന്നതിന് പകരം സച്ചിനും ഓസീസും തമ്മിലുള്ള പോരാട്ടമായിരുന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല.
പരമ്പരയില്‍ ഏറ്റവുമധികം റണ്സിന്റേതടക്കമുള്ള എണ്ണം പറഞ്ഞ റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരിലാണ്. 2013ലാണ് സച്ചിന് തന്റെ അവസാന ബി.ജി.ടി കളിച്ചത് എന്നതാണ് ഇതിലെ ഹൈലൈറ്റ്. ഈ റെക്കോഡ് നേട്ടം ഒരു പതിറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ പേരില്‍ തന്നെ തുടരുകയാണ്.
കളിച്ച 34 മത്സരത്തിലെ 65 ഇന്നിങ്സില്‍ നിന്നും 3262 റണ്‍സാണ് സച്ചിന് സ്വന്തമാക്കിയത്. 56.24 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് 2555 റണ്‍സും മൂന്നാമന് വി.വി.എസ്. ലക്ഷ്മണിന് 2434 റണ്‍സുമാണുള്ളത്.
റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, സെഞ്ച്വറി കണക്കിലും അര്‍ധ സെഞ്ച്വറി കണക്കിലും മുമ്പന്‍ സച്ചിന് തന്നെയാണ്. 1996 മുതല്‍ ഒമ്പത് തവണയാണ് സച്ചിന് ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി സെഞ്ച്വറി നേടിയിട്ടുള്ളത്.
സച്ചിന്റെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത കല്പിക്കുന്നവരില് പ്രധാനികള്‍ രണ്ട് പേരാണ്. മോഡേണ്‍ ഡേ ലെജന്‍ഡ്സും ഫാബ് ഫോറിലെ കരുത്തരുമായ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും. സച്ചിനേക്കാള്‍ വെറും ഒരു സെഞ്ച്വറി മാത്രമാണ് ഇവര്‍ക്ക് കുറവുള്ളത്.
51 ഇന്നിങ്സില്‍ നിന്നും എട്ട് തവണ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങും രണ്ടാം സ്ഥാനത്തുണ്ട്.
സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറിയുടെ റെക്കോഡ് ഇനിയുമേറെ കാലം തകരാതെ തുടരുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ സച്ചിന് നേടിയ സെഞ്ച്വറി നേട്ടങ്ങളുടെ റെക്കോഡ് തകര്‍ക്കാന്‍ വിരാടിനും സ്മിത്തിനും പരസ്പരം മത്സരിക്കാം.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ സെഞ്ച്വറി കണക്കിന്റെ റെക്കോഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അര്‍ധ സെഞ്ച്വറി കണക്കില്‍ സച്ചിനെ മറികടക്കാന്‍ അത്ര എളുപ്പത്തില്‍ ആര്‍ക്കും സാധിക്കില്ല.
65 ഇന്നിങ്സില്‍ നിന്നും 16 തവണയാണ് സച്ചിന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡിന് 13 അര്‍ധ സെഞ്ച്വറിയാണുള്ളത്. മൂന്നാമതുള്ള പോണ്ടിങ്ങിനും വി.വി.എസ്. ലക്ഷ്മണിനും 12 ഫിഫ്റ്റി വീതമുണ്ട്.
11 ഫിഫ്റ്റിയുള്ള ചേതേശ്വര്‍ പൂജാരയാണ് ഇക്കൂട്ടത്തിലെ ആക്ടീവ് ക്രിക്കറ്റര്‍. പൂജാരയാകട്ടെ ഈ പരമ്പരയില്‍ ഇന്ത്യക്കൊപ്പമില്ല താനും. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മോശമല്ലാത്ത പ്രകടനം തുടരുന്നുണ്ടെങ്കിലും നിലവില്‍ 36കാരനായ പൂജാരക്ക് മറ്റൊരു ബി.ജി.ടിക്ക് ബാല്യമുണ്ടോ എന്നത് കണ്ടുതന്നെ അറിയണം.
അഞ്ച് വീതം അര്‍ധ സെഞ്ച്വറിയുമായി സ്മിത്തും വിരാടും ജഡേജയുമാണ് ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ രണ്ടാമതുള്ളത്.
പരമ്പരയുടെ ചരിത്രത്തില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരവും പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരവും നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതിലും ഒന്നാമതുള്ളത് സച്ചിന്റെ പേര് തന്നെയാണ്.
മൂന്ന് തവണയാണ് സച്ചിന് തന്റെ കരിയറില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റുവാങ്ങിയത്.
1997-98 സീസണിലായിരുന്നു സച്ചിനെ തേടി ആദ്യ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരമെത്തുന്നത്. ഇന്ത്യ 1-0ന് സീരീസ് ജയിച്ച പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 111.50 ആവറേജില്‍ 446 റണ്‍സാണ് സച്ചിന് നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
തൊട്ടടുത്ത പരമ്പരയില്‍, അതായത് 1999-2000 ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലും സച്ചിനെ തന്നെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. ഇന്ത്യ 3-0ന് പരമ്പര തോറ്റപ്പോഴാണ് സച്ചിനെ പരമ്പരയുടെ താരമായി തെരഞ്ഞടുത്തത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ വസ്തുത. (2020-21 സീസണില്‍ പാറ്റ് കമ്മിന്‍സ് മാന്‍ ഓഫ് ദി സീരീസ് ആയതും ഇങ്ങനെ തന്നെ)
2010ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് സച്ചിന് അവസാനമായി മാന്‍ ഓഫ് ദി സീരീസ് ലഭിക്കുന്നത്. ഒരു ഇരട്ട സെഞ്ച്വറിയടക്കം 134.33 ശരാശരിയില്‍ 403 റണ്‍സ് അടിച്ചെടുത്താണ് സച്ചിന് ഒരിക്കല്‍ക്കൂടി പരമ്പരയുടെ താരമായത്.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ സച്ചിന് പുറമെ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ഒന്നില്‍ക്കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് സീരീസ് പുരസ്കാരം സ്വന്തമാക്കിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഈ നേട്ടത്തിന് അവകാശികള്‍.
2012-13ലാണ് അശ്വിനെ ബി.ജി.ടിയിലെ ആദ്യ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം തേടിയെത്തുന്നത്. അന്ന് നാല് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് ഇന്ത്യ വിജയിച്ചപ്പോള്‍ 29 വിക്കറ്റുമായി അശ്വിന് ആ വിജയത്തിന്റെ അമരത്ത് നിലയുറപ്പിച്ചിരുന്നു.
2016-17ലാണ് ജഡേജ ആദ്യമായി പ്ലെയര്‍ ഓഫ് ദി സീരീസ് ഏറ്റുവാങ്ങിയത്. ഇന്ത്യ 2-1ന് പരമ്പര ജയിച്ചപ്പോള്‍ 25 വിക്കറ്റും 127 റണ്‍സുമായിരുന്നു താരത്തിന്റെ പേരിലുണ്ടായിരുന്നത്.
കഴിഞ്ഞ തവണ (2022-23) സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി കങ്കാരുക്കളെ മലര്‍ത്തിയടിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് പ്ലെയര്‍ ഓഫ് ദി സീരീസ് പങ്കിടുകയും ചെയ്തു.
നയന്‍ മോംഗിയ, ഹര്ഭജന് സിങ്, രാഹുല്‍ ദ്രാവിഡ്, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ പലപ്പോഴായി പ്ലെയര്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയപ്പോള്‍ ഡേമിയന്‍ മാര്ട്ടിന്, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ കങ്കാരുക്കള്ക്കായും പുരസ്കാരം സ്വന്തമാക്കി.
ഈ റെക്കോഡുകളെല്ലാമുണ്ടെങ്കിലും ബി.ജി.ടിയിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടം സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടില്ല. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സച്ചിന്.
2004ല്‍ സിഡ്നിയില്‍ വെച്ച് നടന്ന പരമ്പരയില്‍ പുറത്താവാതെ നേടിയ 241 ആണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍.
2012ല്‍ മെക്കല്‍ ക്ലാര്‍ക്ക് നേടിയ 329 റണ്‍സാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.
ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ സച്ചിന് സൃഷ്ടിച്ച പല റെക്കോഡുകളും അടുത്തൊന്നും തന്നെ തകരില്ലെന്നുറപ്പാണ്. റെക്കോഡുകള്‍ സൃഷ്ടിക്കപ്പെടുന്നത് തകര്‍ക്കാന്‍ വേണ്ടി തന്നെയാണ്. സച്ചിനേക്കാള്‍ മികച്ച താരങ്ങള്‍ ഉയര്‍ന്നുവരുമെന്നും ആ റെക്കോഡുകള്‍ തകര്‍ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
Content highlight: Sachin Tendulkar and Border-Gavaskar Trophy