യൂറോപ്യന്‍ യൂണിയന്‍ തകരും, യൂറോപ്പ് വിഭജിക്കപ്പെടും; അമേരിക്കയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടും; 2023ല്‍ സംഭവിക്കാവുന്ന പത്ത് കാര്യങ്ങള്‍: റഷ്യന്‍ നേതാവ്
World News
യൂറോപ്യന്‍ യൂണിയന്‍ തകരും, യൂറോപ്പ് വിഭജിക്കപ്പെടും; അമേരിക്കയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടും; 2023ല്‍ സംഭവിക്കാവുന്ന പത്ത് കാര്യങ്ങള്‍: റഷ്യന്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2022, 10:55 am

മോസ്‌കോ: 2023ല്‍ സംഭവിക്കാവുന്ന പത്ത് കാര്യങ്ങള്‍ പ്രവചിച്ച് റഷ്യന്‍ രാഷ്ട്രീയനേതാവ് ദിമിത്രി മെദ്‌വെദേവ് (Dmitry Medvedev).

2020 മുതല്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മെദ്‌വെദേവ് ട്വിറ്ററിലൂടെയായിരുന്നു തന്റെ പ്രവചനങ്ങള്‍ പങ്കുവെച്ചത്.

എണ്ണവില ബാരലിന് 150 ഡോളറായി ഉയരും, യു.കെ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തും, യൂറോപ്യന്‍ യൂണിയന്‍ തകരും, ഫ്രാന്‍സും ഫോര്‍ത്ത് റീച്ചും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടും, യൂറോപ്പ് വിഭജിക്കപ്പെടും, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടും, വലിയ ഓഹരി വിപണികളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും അമേരിക്കയും യൂറോപ്പും വിട്ട് ഏഷ്യയിലേക്ക് നീങ്ങും, ലോകബാങ്കും ഐ.എം.എഫും തകരും എന്നിങ്ങനെ ഞെട്ടിക്കുന്ന പത്ത് പ്രവചനങ്ങളാണ് റഷ്യന്‍ നേതാവ് നടത്തിയിരിക്കുന്നത്.

”പുതുവര്‍ഷ രാവില്‍ എല്ലാവരും വിവിധ പ്രവചനങ്ങള്‍ നടത്തുകയാണ്. പലരും ഭാവി സിദ്ധാന്തങ്ങളുമായി വരുന്നുണ്ട്. 2023ല്‍ എന്തൊക്കെ സംഭവിക്കാം. ഇതാ ഞങ്ങളുടെ എളിയ സംഭാവന.

1 എണ്ണവില ബാരലിന് 150 ഡോളര്‍ എന്ന നിലയിലേക്ക് ഉയരും, ഗ്യാസിന് 1000 ക്യുബിക് മീറ്ററിന് 5000 ഡോളര്‍ എന്ന നിലയിലെത്തും.

2 ബ്രിട്ടന്‍ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരും.

3 യു.കെയുടെ തിരിച്ചുവരവിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ തകരും. മുന്‍ യൂറോപ്യന്‍ യൂണിയന്‍ കറന്‍സി എന്ന നിലയില്‍ യൂറോയുടെ ഉപയോഗം ഇല്ലാതാകും.

4 പോളണ്ടും ഹംഗറിയും പഴയ ഉക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും.

5 ജര്‍മനിയും അതിന്റെ ഉപഗ്രഹരാജ്യങ്ങളായ പോളണ്ട്, ബാള്‍ട്ടിക് പ്രദേശങ്ങള്‍, ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, കീവ് റിപ്പബ്ലിക്, മറ്റ് പുറന്തള്ളപ്പെട്ട പ്രദേശങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്ന ഫോര്‍ത്ത് റീച്ച് (The Fourth Reich) സൃഷ്ടിക്കപ്പെടും.

6 ഫ്രാന്‍സും ഫോര്‍ത്ത് റീച്ചും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടും. യൂറോപ്പ് വിഭജിക്കപ്പെടും.

7 വടക്കന്‍ അയര്‍ലാന്‍ഡ് യു.കെയില്‍ നിന്നും വേര്‍പിരിയുകയും റിപബ്ലിക് ഓഫ് അയര്‍ലാന്‍ഡിന്റെ ഭാഗമാകുകയും ചെയ്യും.

8 അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടും. ഇതിന്റെ ഫലമായി ടെക്‌സസ് ഒരു സ്വതന്ത്ര സ്‌റ്റേറ്റായി മാറും. ടെക്‌സസും മെക്‌സിക്കോയും ചേര്‍ന്ന് ഒരു സഖ്യരാഷ്ട്രം രൂപീകരിക്കും. ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവിധ സ്‌റ്റേറ്റുകളില്‍ ഇലോണ്‍ മസ്‌ക് വിജയിക്കും.

9 എല്ലാ വലിയ ഓഹരി വിപണികളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും അമേരിക്കയും യൂറോപ്പും വിട്ട് ഏഷ്യയിലേക്ക് നീങ്ങും.

10 ബ്രെട്ടണ്‍ വുഡ്‌സ് മോണിറ്ററി മാനേജ്‌മെന്റ് സിസ്റ്റം (The Bretton Woods system of monetary management) തകരും, ഇത് ലോകബാങ്കിന്റെയും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും തകര്‍ച്ചക്ക് വഴിവെക്കും.

ഗ്ലോബല്‍ റിസര്‍വ് കറന്‍സികളായി യൂറോയും ഡോളറും പ്രചരിക്കുന്നത് അവസാനിക്കും. പകരം ഡിജിറ്റല്‍ ഫിയറ്റ് കറന്‍സികള്‍ (Digital fiat currency) സജീവമായി ഉപയോഗിക്കും,” എന്നിങ്ങനെയാണ് ട്വീറ്റില്‍ പറയുന്ന 10 പ്രവചനങ്ങള്‍.

2008 മുതല്‍ 2012 വരെ റഷ്യയുടെ പ്രസിഡന്റായും 2012 മുതല്‍ 2020 വരെ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച നേതാവാണ് മെദ്‌വദേവ്.

Content Highlight: Russian official Dmitry Medvedev makes 2023 prediction