മലപ്പുറം: ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഗുരുസ്വാമിക്ക് നേരെ മര്‍ദ്ദനം. നിലമ്പൂര്‍ വഴിക്കടവ് കാരക്കോട് സ്വദേശിയായ സംഗീതിന് നേരെയാണ് ആക്രമണം നടന്നത്.
ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട കണ്ണൂര്‍ സ്വദേശി രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകളുടെ ഗുരുസ്വാമിയായിരുന്നു സംഗീത്. അമ്പലത്തിലെ ഉത്സവത്തിനായി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ തന്നെ മുപ്പതിലധികം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സംഗീത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അക്രമത്തെ കുറിച്ച് സംഗീത് പറയുന്നത് ഇങ്ങനെയാണ് “”കാരക്കോട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനായിട്ട് നാട്ടില്‍ എത്തിയതായിരുന്നു. കുളിക്കാനായി സുഹൃത്തിന്റെ കൂടെ പുഴയില്‍ എത്തിയപ്പോള്‍ മരുത്വ എന്ന് സ്ഥലത്തെ മുപ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തുകയും ആരാണ് സംഗീത് എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ ആണ് സംഗീത് എന്ന് പറഞ്ഞ ഉടനെ അടുത്ത ചോദ്യം “നീയാണോ പെണ്ണുങ്ങളേം കൊണ്ട് മലയ്ക്ക് പോകുന്നത് എന്ന് ചോദിച്ചായിരുന്നു അടി. തലയ്ക്ക് പുറകിലും മറ്റും കൂട്ടമായി അടിക്കുകയായിരുന്നു”” എന്നും സംഗീത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സംഗീത് ഇപ്പോള്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുമ്പു വടികൊണ്ടും കല്ല് കൊണ്ടുമാണ് സംഗീതിനെ അടിച്ചതെന്നും കൈയ്ക്കും തലക്കും അടിയേറ്റ് സംഗീതിന് ചെവിക്ക് പിറകിലും തലയ്ക്കും പൊട്ടലുണ്ടെന്നും സുഹൃത്ത് വിഷ്ണു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഗീത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. യുവതികളുടെ കൂടെ പത്രസമ്മേളനത്തിന് പങ്കെടുത്തതിന് നേരത്തെ അധ്യാപികയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വാര്‍ത്താ സമ്മേളനം കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം നടന്നത്. അക്രമകാരികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു.”
കഴിഞ്ഞ 19ാം തിയ്യതിയായിരുന്നു ശബരിമലയില്‍ പോകാനായി വ്രതം നോറ്റ് മാലയിട്ട യുവതികള്‍ കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയത്. ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കാര്യം പരസ്യമാക്കിയതിനു പിന്നാലെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട നിലയിലാണ് തങ്ങള്‍. അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. മറ്റുള്ളവരെക്കൂടി ഈ സംഘര്‍ഷാവസ്ഥയ്ക്കുള്ളില്‍ വലിച്ചിഴക്കേണ്ടെന്നു കരുതിയാണ് അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു.
Also Read 18 മലകളും തിരിച്ചുപിടിക്കും; അയ്യപ്പന്റെ അമ്മാവന്‍ സംസാരിക്കുന്നു
ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കില്ലെന്ന് പറഞ്ഞ് യുവതികള്‍ എപ്പോള്‍ ദര്‍ശനം നടത്താന്‍ കഴിയുന്നോ അപ്പോള്‍ മാത്രമേ മാല ഊരുകയുള്ളൂ. അതുവരെ വ്രതം തുടരുമെന്നും . സര്‍ക്കാരാണ് സംരക്ഷണം നല്‍കേണ്ടതെന്നും പറഞ്ഞിരുന്നു.
കണ്ണൂര്‍, കൊല്ലം സ്വദേശികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്ത് പറഞ്ഞിരുന്നു. ഭാവിയില്‍ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക് ശബരിമലയില്‍ പ്രവേശനം ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു.
രേഷ്മക്ക് പുറമേ കൊല്ലം സ്വദേശിനി ധന്യ, കണ്ണൂര്‍ സ്വദേശിനി ഷനില എന്നിവരും പത്രസമ്മേളനത്തിന് പങ്കെടുത്തിരുന്നു.മാലയിട്ട് വ്രതമെടുത്തതാണെന്നും സംരക്ഷണം തരേണ്ടത് പൊലീസും സര്‍ക്കാറുമാണെന്നും കണ്ണൂര്‍ സ്വദേശിനി ഷനില പറഞ്ഞിരുന്നു.
തുടര്‍ന്ന് പത്രസമ്മേളനത്തിന് യുവതികള്‍ എത്തിയത് അറിഞ്ഞ് അമ്പതോളം വരുന്ന നാമജപ പ്രതിഷേധക്കാര്‍ പ്രസ്‌ക്ലബ്ബിന് മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലായിരുന്നു യുവതികള്‍ പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയത്.
നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയില ദര്‍ശനം നടത്താന്‍ പോയ രഹന ഫാത്തിമ, മേരി സ്വീറ്റി, ബിന്ദു തങ്കം കല്യാണം തുടങ്ങിയ യുവതികളുടെ വീടിനു നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നടന്നിരുന്നു.
DoolNews video