മൊയ്തീനാവേണ്ടിയിരുന്നത്‌ ഉണ്ണി മുകുന്ദന്‍; എന്നാല്‍ ഇതിലെ രംഗം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല: ആര്‍.എസ്. വിമല്‍
Film News
മൊയ്തീനാവേണ്ടിയിരുന്നത്‌ ഉണ്ണി മുകുന്ദന്‍; എന്നാല്‍ ഇതിലെ രംഗം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല: ആര്‍.എസ്. വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st July 2023, 1:37 pm

എന്ന് നിന്റെ മൊയ്തീനില്‍ ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് ഉണ്ണി മുകുന്ദനെ ആയിരുന്നുവെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍. ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് വിമലിന്റെ വെളിപ്പെടുത്തല്‍.

‘മൊയ്തീന്‍ ചെയ്യുന്നതിന് മുന്‍പ് ദേശീയ അവാര്‍ഡ് വരെ ലഭിച്ച ഡോക്യുമെന്ററി ഞാന്‍ ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന കാലത്ത് കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെക്കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരീസ്. അതിലൊന്നായിരുന്നു ജലം കൊണ്ട് മുറിവേറ്റവള്‍. അതിലെ മൊയ്തീന്‍ സിനിമ ആക്കാന്‍ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു.

എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്നും വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസ്സില്‍ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലുള്ള മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീന്‍ താങ്കള്‍ ആണ്, ഇതൊന്ന് കണ്ട് നോക്കൂ എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവന്‍ കണ്ടു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അതില്‍ അച്ഛന്‍ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോള്‍ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉണ്ണിയെ അറിയാവുന്നവര്‍ക്ക് അതറിയാം. വലിയ ശരീരവും നൈര്‍മല്യം നിറഞ്ഞ പെട്ടെന്ന് ഫീല്‍ ചെയ്യുന്നൊരു മനസ്സാണ് അദ്ദേഹത്തിന്. ആ രംഗം പുള്ളിക്ക് താങ്ങാന്‍ പറ്റാതെ, ഈ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്നു പറഞ്ഞു,’ വിമല്‍ പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതിനെ പറ്റി ഉണ്ണി മുകുന്ദനും ട്രെയ്‌ലര്‍ ലോഞ്ചില്‍ പറഞ്ഞു. ‘എനിക്ക് വിമലുമായി നല്ല ബന്ധമാണ് ഉള്ളത്. മൊയ്തീന്റെ കഥ കേട്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. പക്ഷെ, കഥ പറഞ്ഞ ശേഷം വിമല്‍ പോയി. എന്നാല്‍ പപ്പേട്ടന്റെ സിനിമ ഞാന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിമലിന്റെ പടം ചെയ്യാതിരിക്കാന്‍ ഒരു കാരണമേയുള്ളു.

എന്റെ അന്നത്തെ അവസ്ഥ വെച്ചിട്ട് ഈ സിനിമയുമായി വിമലിന് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് സംശയം തോന്നി. ഒരുപാട് വര്‍ഷത്തെ റിസര്‍ച്ച് ഒക്കെ ചെയ്തിട്ടാണ് വിമല്‍ ഇത് ചെയ്യുന്നത്. എന്നെ വെച്ചാല്‍ ആ ബജറ്റിലോ ക്യാന്‍വാസിലോ ചിത്രം ചെയ്യാന്‍ പറ്റുവോ എന്ന് തോന്നി.

സിനിമ ഇത്രയും വലിയ ലെവലില്‍ എത്തിയത് ആ സിനിമയിലെ നായകന്‍ പൃഥ്വിരാജും ആ സിനിമയില്‍ അഭിനയിച്ചത് ടൊവിനോയുമെല്ലാം ആയതുകൊണ്ടാണ്. എന്റെ കരിയറില്‍ അങ്ങനെ കുറേ തീരുമാനങ്ങള്‍ എനിക്ക് എടുക്കേണ്ടി വന്നു. ഒരു സിനിമ നന്നാവണമെങ്കില്‍ അതിന് ആവശ്യമായ ചിലര്‍ വരണം. ചിലപ്പോള്‍ എന്റെ ഏറ്റവും ബെസ്റ്റ് വിമലിന്റെ അടുത്ത പടം ആയിരിക്കും’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: rs Vimal said that Unni Mukundan was suppose to be the hero in ennu ninte Ninte Moitheen