ഗപ്പിയുടെ സെറ്റില്‍ വെച്ച് ആ ചോദ്യത്തിന് മറുപടിയായി ആരെങ്കിലും ചാന്‍സ് തരണ്ടേയെന്ന് അദ്ദേഹം പറഞ്ഞു: രൂപേഷ്
Film News
ഗപ്പിയുടെ സെറ്റില്‍ വെച്ച് ആ ചോദ്യത്തിന് മറുപടിയായി ആരെങ്കിലും ചാന്‍സ് തരണ്ടേയെന്ന് അദ്ദേഹം പറഞ്ഞു: രൂപേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2024, 11:58 am

മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു.

പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത രൂപേഷ് 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുകയാണ് രൂപേഷ് പീതാംബരന്‍.

താന്‍ പണ്ട് നടന്‍ അലന്‍സിയറോട് ഗപ്പിയുടെ സെറ്റില്‍ വെച്ച് എന്തുകൊണ്ടാണ് സിനിമയിലെത്താന്‍ ഇത്ര വൈകിയതെന്നും എന്തുകൊണ്ട് നേരത്തെ എത്തിയില്ലെന്നും ചോദിച്ചിരുന്നുവെന്ന് രൂപേഷ് പറഞ്ഞു.

പതിനെട്ടാമത്തെ വയസില്‍ താന്‍ ചാന്‍സ് ചോദിച്ചതാണെന്നും എന്നാല്‍ അമ്പത്തിരണ്ടാമത്തെ വയസിലാണ് സിനിമയില്‍ ചാന്‍സ് കിട്ടുന്നതെന്നുമായിരുന്നു അലന്‍സിയറുടെ മറുപടിയെന്ന് രൂപേഷ് പറയുന്നു.

‘അലന്‍സിയറെ പണ്ട് ഞാന്‍ ഗപ്പിയുടെ സെറ്റില്‍ വെച്ചു കണ്ടു. അന്ന് ഞാന്‍ ചേട്ടനോട് നിങ്ങള്‍ എന്തുകൊണ്ടാണ് സിനിമയിലെത്താന്‍ ഇത്ര വൈകിയതെന്നും എന്തുകൊണ്ട് നേരത്തെ എത്തിയില്ലെന്നും ചോദിച്ചു.

അപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘എടാ, ഞാന്‍ പതിനെട്ടാമത്തെ വയസില്‍ ചാന്‍സ് ചോദിച്ചതാണ്. അന്ന് ആരെങ്കിലും ചാന്‍സ് തരണ്ടേ. പിന്നെ അമ്പത്തിരണ്ടാമത്തെ വയസിലാണ് ചാന്‍സ് കിട്ടുന്നത്’ എന്നായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. അതിനാണ് ഞാന്‍ വിധിയെന്ന് പറയുന്നത്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.

സ്ഫടികത്തിന് ശേഷം വീട്ടുകാര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും പിന്നെ വളര്‍ന്നു വന്നപ്പോള്‍ തന്റെ താത്പര്യം എഴുത്തിലേക്കും സംവിധാനത്തിലേക്കും മാറിയെന്നും രൂപേഷ് അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് വിധിയില്‍ മാത്രമേ വിശ്വാസമുള്ളു. മറ്റൊന്നിലും വിശ്വാസമില്ല. ചില കാര്യങ്ങള്‍ നടക്കാത്തത് വേറെ നല്ല കാര്യം നടക്കാനാകും എന്ന് പറയുന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. അതേസമയം സയന്‍സില്‍ ഞാന്‍ കുറച്ച് കൂടുതല്‍ വിശ്വസിക്കുന്നുണ്ട്.

ഞാന്‍ സ്ഫടികത്തില്‍ പണ്ട് അഭിനയിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ അതിന് ശേഷം വീട്ടുകാര്‍ വിട്ടില്ല. പിന്നെ വളര്‍ന്നു വന്നപ്പോള്‍ എന്റെ താത്പര്യം എഴുത്തിലേക്കും സംവിധാനത്തിലേക്കും മാറി,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Alencier Ley Lopez