രോമാഞ്ചത്തിലെ പ്രേതം അനാമികയല്ല, ഇതാണ്; തകൃതിയായി രോമാഞ്ചം ഡീകോഡിങ്
Film News
രോമാഞ്ചത്തിലെ പ്രേതം അനാമികയല്ല, ഇതാണ്; തകൃതിയായി രോമാഞ്ചം ഡീകോഡിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th April 2023, 1:32 pm

ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഹിറ്റുകളിലൊന്നാണ് രോമാഞ്ചം. സൗബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ഒപ്പം മലയാളി പ്രേക്ഷകര്‍ക്ക് അധികം പരിജയമില്ലാത്ത പുതുമുഖങ്ങള്‍ അണിനിരന്നപ്പോള്‍ പൊട്ടിച്ചിരിയുടെ മേളമാണ് തിയേറ്ററില്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസം ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഇതോടെ വീണ്ടും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് രോമാഞ്ചം. ബെംഗളൂരു ജീവിതവും അഭിനേതാക്കളുടെ പ്രകടനവുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

അനാമിക എന്ന പ്രേതത്തെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. അതിലൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിഫൈല്‍ ഗ്രൂപ്പില്‍ ഷാഹിന്‍ കരിം എന്ന പ്രൊഫൈലില്‍ നിന്നുമാണ് രോമാഞ്ചത്തിലെ പ്രേതം അനാമിക അല്ലെന്ന കുറിപ്പ് വന്നത്.

‘എന്റെ അഭിപ്രായത്തില്‍ അനാമിക എന്നുള്ളത് അവര്‍ ഉണ്ടാക്കിയ പേര് ആണെങ്കിലും, ഓജോ ബോര്‍ഡില്‍ വരുന്ന ആത്മാവ് അവര്‍ കൊന്ന ഒരു എലിയുടേതാണ്. ഇവര്‍ എലിവിഷം വെച്ച് ഒരു എലി ചത്തതിന് ശേഷമാണ് ഓജോ ബോര്‍ഡില്‍ ആത്മാവ് വരുന്നത്.

അനാമികയോട് ഇവരെ കൊല്ലാനുള്ള ദേഷ്യമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടെന്ന് പറയുന്നുണ്ട്. ചത്ത എലികളെ എല്ലാം അവര്‍ കുഴിച്ചിടുന്നുണ്ട് തൊട്ടടുത്ത പറമ്പില്‍. പാട്ട് സീനില്‍ ഒരു എലി, ഈ സ്ഥലം നോക്കി ഇരിപ്പുണ്ട്. അവസാനം ആ ചത്ത എലികളുടെയെല്ലാം ആത്മാവ് വരുന്നതിനെയാണോ we are coming എന്നതുകൊണ്ട് ഉദ്ദേശിച്ചത്,’ എന്നാണ് ഷാഹിന്‍ കുറിച്ചത്.

ഈ കുറിപ്പിന് രസകരമായ കമന്റുകളും വരുന്നുണ്ട്. ‘ഡയറക്ടര്‍ക്ക് സെക്കന്റ് പാര്‍ട്ട് എടുക്കാനുള്ള കഥ സെറ്റ് ആയല്ലോ, രണ്ടാം ഭാഗത്തില്‍ പൂച്ചയെ വളര്‍ത്തേണ്ടി വരുമോ? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

‘അവര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ശ്രദ്ധിച്ചില്ലേ? തേന്‍മിട്ടായി, കപ്പലണ്ടി മിട്ടായി, കഞ്ചാവ്, ഹാന്‍സ് ഒക്കെ അല്ലേ? എലി ജീവനോടെ ഉണ്ടായിരുന്ന സമയം സൗബിന്റെ ബാഗിലും കയറിയിരുന്നെങ്കിലോ? പിന്നെ പ്രേതത്തിന് അങ്ങനെ ഒരു രൂപം സൗബിന്റെ തോന്നലും ആയിക്കൂടെ?,’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്.

അതേസമയം രോമാഞ്ചത്തിന് ഒ.ടി.ടിയില്‍ സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. തിയേറ്ററില്‍ പൊട്ടിച്ചിരിച്ച സിനിമ ഒ.ടി.ടിയില്‍ അതേ രസത്തോടെ ആസ്വദിക്കാനാവുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി.

Content Highlight: romacham decoding in social media