ചര്‍ച്ച പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച്, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചല്ല; കെ.സി.ആറുമായുള്ള ചര്‍ച്ചയെക്കുറിച്ച് പിണറായി
തിരുവന്തപുരം: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടത്തിയ ചര്‍ച്ച പ്രധാനപ്പെട്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയവും, പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യവുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.
‘രാജ്യത്തെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്. ഇടതു പാര്‍ട്ടികളെ പോലെ തന്നെ ബി.ജെ.പിയും കോണ്‍ഗ്രസും അല്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ അദ്ദേഹവും താല്‍പര്യം പ്രകടിപ്പിച്ചു’- മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി-കോണ്‍ഗ്രസ് ഇതര ഫെഡറില്‍ മുന്നണിയെന്ന് ആശയത്തിന് പിന്തുണ തേടുന്നതിന്റെ ഭാഗമായി കെ.സി.ആര്‍ പിണറായി വിജയനെ കൂടാതെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനേയും കാണാനൊരുങ്ങുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘സമകാലിക രാഷ്ട്രീയത്തെക്കുറിച്ച്’ ഇരുവരുമായും ടി.ആര്‍.എസ് ചര്‍ച്ച നടത്തുമെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്റെ കാര്യാലയം പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞത്. ‘രണ്ടു നേതാക്കളുമായും രാജ്യത്തെ സമകാലിക രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കരുതുന്നു’- എന്നായിരുന്നു കുറിപ്പില്‍ പറയുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാവുവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഖ്യത്തിലല്ലാത്ത, ലോക്സഭയില്‍ 120ഓളം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണ്ണായകമാവും എന്ന് ചന്ദ്രശേഖര റാവുവിന്റെ മകളും, നിസാമാബാദ് എം.പിയുമായ കെ. കവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച് ഭൂരിപക്ഷത്തോടെയാണ് ടി.ആര്‍.എസ് തെലങ്കാനയില്‍ അധികാരത്തിലേറിയത്. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് താന്‍ പ്രവേശിക്കുമെന്ന സൂചനകള്‍ കെ.സി.ആര്‍ നല്‍കിയിരുന്നു. ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് അദ്ദേഹം മമത ബാനര്‍ജിയുമായും, ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായിക്കുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.