ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചിരുന്നു. കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സിന്റെ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചാണ് ഇന്ത്യ പരമ്പര തോല്‍ക്കാതെ രക്ഷപ്പെട്ടത്.
ഈ വിജയത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടത്. കേപ് ടൗണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. പല ഇതിഹാസ താരങ്ങള്‍ക്കും നേടാന്‍ സാധിക്കാതെ പോയ അത്യപൂര്‍വ നേട്ടമാണ് രോഹിത് ശര്‍മ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അര്‍ജുന രണതുംഗ, സനത് ജയസൂര്യ, വഖാര്‍ യൂനിസ്, രാഹുല്‍ ദ്രാവിഡ്, ഇന്‍സമാം ഉള്‍ ഹഖ്, എം.എസ്. ധോണി, തിലകരകത്‌നെ ദില്‍ഷന്‍, മിസ്ബ ഉള്‍ ഹഖ്, ഏയ്ഞ്ചലോ മാത്യൂസ്, വിരാട് കോഹ്‌ലി, സര്‍ഫറാസ് അഹമ്മദ് തുടങ്ങി വലതും ചെറുതുമായ പേരുകാര്‍ ശ്രമിച്ച് പരാജയപ്പെട്ട ബാലികേറാ മലയാണ് രോഹിത് കീഴക്കിയത്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും രോഹിത് സ്വന്തമാക്കി. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിച്ച രണ്ടാമത് ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇതിന് മുമ്പ് എം.എസ്. ധോണി മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
2010-11 വര്‍ഷത്തെ പര്യടനത്തിലാണ് ധോണി സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാതെ പിടിച്ചുനിന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 25 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് 87 റണ്‍സിനാണ് ഇന്ത്യ പിടിച്ചടക്കിയത്. മൂന്നാം ടെസ്റ്റ് സമനിലയിലും അവസാനിച്ചതോടെ പരമ്പരയും സമനിലയില്‍ അവസാനിച്ചു.
ഇപ്പോള്‍ നടന്ന പരമ്പരക്ക് മുമ്പ് എട്ട് തവണയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയത്. ഇതില്‍ ഏഴ് പരമ്പര പരാജയപ്പെടുകയും ഒന്ന് സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസം അധികം വൈകാതെ തന്നെ ഇന്ത്യ വിജയം പിടിച്ചടക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 176 റണ്‍സിനും പുറത്താക്കിയിരുന്നു.
ആദ്യ ഇന്നിങ്സില്‍ മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് തുണയായതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ബുംറയാണ് പ്രോട്ടിയാസ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ കരിയറിലെ ഒമ്പതാം ഫൈഫര്‍ നേട്ടവും ആഘോഷമാക്കിയിരുന്നു.
പരമ്പര സമനിലയില്‍ അവസാനിപ്പിച്ചെങ്കിലും സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം എന്നത് ഇന്ത്യയെ സംബന്ധിച്ച് ഇന്നും ഒരു നോവായി അവശേഷിക്കുകയാണ്. 1992 മുതലുള്ള ഇന്ത്യയുടെ കാത്തിരിപ്പ് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും കാത്തിരിപ്പ് മാത്രമായി അവശേഷിക്കുകയാണ്. അടുത്ത പര്യടനത്തില്‍ ഇന്ത്യ വിജയം കുറിക്കുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.
Content highlight: Rohit Sharma is the first Asian captain to win a test match in Cape Town