ഉത്തര്‍ പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കൈകോര്‍ത്ത് ആര്‍.എല്‍.ഡിയും
D' Election 2019
ഉത്തര്‍ പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കൈകോര്‍ത്ത് ആര്‍.എല്‍.ഡിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 8:45 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ ചേര്‍ന്ന് ആര്‍.എല്‍.ഡിയും(രാഷ്ട്രീയ ലോക് ദള്‍) . സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിയുമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളും ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമാകുന്നത്.

ആര്‍.എല്‍.ഡി മൂന്ന് സീറ്റുകളില്‍ മത്സരിക്കും. മുന്‍പ് രണ്ട് സീറ്റുകളായിരുന്നു ആര്‍.എല്‍.ഡിക്ക് അഖിലേഷ് മായാവതി സഖ്യം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നത്.

“രാഷ്ട്രീയ ലോക് ദള്‍ എസ്.പി- ബി.എസ്.പി സഖ്യത്തില്‍ ചേരുന്നു. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റിലും വിജയിക്കുന്നതിനായി പ്രവര്‍ത്തകര്‍ കഠിനമായി പ്രയത്‌നിക്കും”. ജയന്ത് ചൗധരി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: പാകിസ്ഥാനില്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി

മുന്‍പ് എസ്.പി -ബി.എസ്.പി സഖ്യം രണ്ട് സീറ്റുകള്‍ ആര്‍.എല്‍.ഡിക്ക് വാഗ്ദാനം ചെയ്തപ്പോള്‍ ആര്‍.എല്‍.ഡി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു സീറ്റ് കൂടി അധികം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ആര്‍.എല്‍.ഡി വഴങ്ങുകയായിരുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസും ഉണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

“കോണ്‍ഗ്രസ് ഞങ്ങളുടെ കൂടെ സഖ്യത്തിലുണ്ട്. എന്തിനാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഇതു തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെല്ലോ, കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണെന്ന്.” അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട് എന്നും അഖിലേഷ് പറഞ്ഞു.

മഥുര, ബാഗ്പത്ത് എന്നിവക്ക് പുറമെ മുസഫര്‍ നഗറിലും ആര്‍.എല്‍.ഡി മത്സരിക്കും. മഥുരയില്‍ അജിത് സിംഗും, ബാഗ്പത്തില്‍ മകന്‍ ജയന്ത് ചൗധരിയും മത്സരിക്കും. ജാട്ട് സമുദായ വോട്ടുകള്‍ നിര്‍ണ്ണായകമായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍.എല്‍.ഡിയുടെ സാന്നിധ്യം എസ്.പി-ബി.എസ.്പി സഖ്യത്തിന്‍ ശക്തി പകരും.