മുസ്‌ലീങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കാന്‍ കാരണം; അവര്‍ ജനസംഖ്യ നിയന്ത്രിക്കണം: ബി.ജെ.പി എം.പി
national news
മുസ്‌ലീങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കാന്‍ കാരണം; അവര്‍ ജനസംഖ്യ നിയന്ത്രിക്കണം: ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 10:30 am

ന്യൂദല്‍ഹി: ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം മുസ്‌ലീം ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവാണെന്ന വിചിത്ര ന്യായവുമായി ബി.ജെ.പി എം.പി.

മുസ്‌ലീം ജനസംഖ്യ ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം ഇതാണെന്നുമായിരുന്നു യു.പിയിലെ അംബേദ്ക്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെയുടെ പ്രസ്താവന.


അഞ്ച് വര്‍ഷം മുന്‍പ് എന്റെ വീട്ടിലേക്ക് കടന്നുവന്ന ആ ഒമ്പതാം ക്ലാസുകാരി; ഹനാനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ


ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബി.ജെ.പിയുടെ മറ്റൊരു എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്‌ലീം ജനസംഖ്യാ വര്‍ധവന് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് മറ്റൊരു ബി.ജെ.പി നേതാവ് കൂടി രംഗത്തെത്തിയിരിക്കുന്നത്.

“ഇന്ത്യയില്‍ മുസ്‌ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇങ്ങനെ പോയാല്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനാവുന്നത് നമ്മള്‍ കാണേണ്ടി വരും. അത് ഇന്ത്യയ്ക്ക് നല്ലതിനല്ല. ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തന്നെ പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിക്കും.

തീവ്രവാദവും കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇന്ത്യയില്‍ വര്‍ധിക്കുന്ന ജനസംഖ്യയാണ് ഇതിന് കാരണം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടായതായി കാണുന്നുണ്ട്. മുസ്‌ലീങ്ങള്‍ മാത്രമാണ് ഇതിന് കാരണം” – ഹരി ഓം പാണ്ഡെ പറയുന്നു.

ജനന നിയന്ത്രണത്തിനായി മുസ്‌ലീങ്ങള്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ക്ക് അതിന് ഒരു പ്ലാനിങ്ങും ഇല്ല. അത് ഇസ്‌ലാമില്‍ അനുവദിക്കില്ലെന്നാണ് അവരുടെ മതപണ്ഡിതന്‍മാര്‍ പറയുന്നത്. അവരുടെ ആളുകള്‍ ഇത്തരത്തില്‍ വര്‍ധിക്കുന്നതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുന്നത്.

നമ്മുടെ അയല്‍ക്കാരായി പാക്കിസ്ഥാന്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പാക്കിസ്ഥാന്‍ മതി. അവര്‍ ഇപ്പോള്‍ തന്നെ ടെററിസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുത്തില്ലെങ്കില്‍ മറ്റൊരു പാക്കിസ്ഥാന്‍ കൂടി ഇവിടെ ഉണ്ടാകും. – പാണ്ഡെ പറയുന്നു.