Advertisement
Entertainment
നെടുമുടി വേണുവിന് തീരുമാനിച്ച ആ വേഷം ഭീമൻ രഘുവിലേക്ക് എത്തിയപ്പോൾ അതൊരു പരുക്കൻ കഥാപാത്രമായി മാറി: സ്വർഗ്ഗചിത്ര അപ്പച്ചൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 11, 03:32 am
Saturday, 11th January 2025, 9:02 am

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ,  തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ ചിത്രങ്ങളെല്ലാം നിർമിച്ചത് അദ്ദേഹമാണ്. ഈയിടെ ഇറങ്ങിയ മണിച്ചിത്രത്താഴിന്റെ 4k വേർഷനും തിയേറ്ററിൽ എത്തി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററിൽ ലഭിച്ചത്.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായ ഗോഡ്ഫാദർ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അപ്പച്ചൻ. സിനിമയിൽ അഞ്ഞൂറാന്റെ നാല് മക്കളിൽ ഒരാളായി ആദ്യം പരിഗണിച്ചത് നടൻ നെടുമുടി വേണുവിനെയായിരുന്നുവെന്നും എന്നാൽ ആ സമയത്ത് അദ്ദേഹം തിരക്കിലായതിനാൽ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും അപ്പച്ചൻ പറയുന്നു.

നടൻ ഭീമൻ രഘുവിന് സിദ്ധിഖ്‌ലാലിന്റെ സിനിമയിൽ അഭിനയിക്കാൻ അന്ന് താത്പര്യമുണ്ടായിരുന്നുവെന്നും അങ്ങനെ ആ കഥാപാത്രം ഭീമൻ രഘുവിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറാന്റെ വേഷത്തിലേക്ക് ആദ്യം മധുവിനെ വിചാരിച്ചിരുന്നുവെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു.

‘ഒരു പിടിവാശിക്കാരൻ കാർണോർ, മക്കളെ കല്യാണം കഴിപ്പിക്കില്ല. നാല് ആൺമക്കൾ, കേൾക്കുമ്പോൾത്തന്നെ ഒരു മാറ്റം തോന്നുന്ന കഥ. അതായിരുന്നു സിദ്ധിഖ്‌ലാൽ പ്ലാൻ ചെയ്ത കഥ. ഇളയമകനായി മുകേഷിനെ തീരുമാനിച്ചു. ‘ഇൻ ഹരിഹർനഗറി’ൽ അഭിനയിക്കാൻ വിളിക്കാത്തതിൽ ഇന്നസെൻ്റേട്ടന് വലിയ വിഷമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാമത്തെ മകനായി അദ്ദേഹത്തെ നിശ്ചയിച്ചു.

രണ്ടാമത്തെയാൾ നെടുമുടിവേണു. വേണുവിന് തിരക്കായതിനാൽ പറ്റില്ലെന്ന് പറഞ്ഞു. അതോടെ ഇന്നസെന്റേട്ടനെ രണ്ടാമനാക്കി.

ഭീമൻ രഘു സിദ്ധിഖ്‌ലാൽ സിനിമകളിൽ അഭിനയിക്കാനായി താത്പര്യപ്പെട്ട് നിൽക്കുകയായിരുന്നു. മൂന്നാമത്തെ മകൻ പരുക്കൻ ക്യാരക്ടറായാൽ കുഴപ്പമില്ലെന്ന് തീരുമാനിച്ചതോടെ രഘുവിന് നറുക്കുവീണു.

തിലകൻ ചേട്ടനെ മൂത്തയാളായി നിശ്ചയിച്ചു.

അപ്പോഴേക്കും അപ്പനാരെന്ന ചോദ്യമുണ്ടായി. മധുസാറിനെ വിഗ്ഗ് വെച്ച് അഭിനയിപ്പിക്കാമെന്നായിരുന്നു ആദ്യം ആലോചിച്ചത്. പക്ഷെ സിദ്ധിഖും ലാലും സമ്മതിച്ചില്ല. ഒടുവിൽ ഒരു ദിവസം ലാലാണ് എൻ.എൻ പിള്ള സാറിനെ കുറിച്ച് പറയുന്നത്,’അപ്പച്ചൻ പറയുന്നു.

 

Content Highlight: Sworgachithra Appachan About Casting Of Godfather Movie