അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം റിക്കോ ലൂയിസ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഏത് ഫുട്‌ബോള്‍ താരത്തിനൊപ്പം ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി താരം മെസിയുടെ പേര് പറഞ്ഞത്.
‘ഞാന്‍ മെസിയുടെ പേര് പറയും. കാരണം അദ്ദേഹം എന്റെ പ്രിയപ്പെട്ട താരമാണ്. അദ്ദേഹം ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. ഫുട്‌ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണവും ഇത്രയും കാലം അദ്ദേഹം ഫുട്ബാളില്‍ മുന്നോട്ട് പോയ രീതികള്‍ എല്ലാം മികച്ചതായിരുന്നു.
ഇത്രയധികം മത്സരങ്ങളില്‍ അദ്ദേഹം എങ്ങനെ കളിച്ചു, വിജയങ്ങള്‍ സ്വന്തമാക്കി തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹം ഇപ്പോഴും ഇത് തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്,’ റിക്കോ ലൂയിസ് പറഞ്ഞതായി ആല്‍ബിസെലെസ്റ്റെ ടോക്ക് ഓണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്.
ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്. കഴിഞ്ഞ ദിവസം ചാര്‍ലോട്ടെ എഫ്.സിക്കെതിരെ നടന്ന മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ഇന്റര്‍ മയമിക്ക് വേണ്ടി സമനില ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്.
അര്‍ജന്റീന ടീമിന് വേണ്ടിയും ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
Content Highlight: Rico Lewis Talks About Lionel Messi