Sports News
റൊണാള്‍ഡോയെ എടുത്ത് പുറത്തിട്ടവന്‍ വീണ്ടും അതേ റോളില്‍; എല്‍ ക്ലാസിക്കോയില്‍ തീ പാറും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 16, 04:00 pm
Thursday, 16th March 2023, 9:30 pm

മാര്‍ച്ച് 19ന് നടക്കാനിരിക്കുന്ന ബാഴ്‌സലോണ – റയല്‍ മാഡ്രിഡ് മത്സരം നിയന്ത്രിക്കാന്‍ റിക്കാര്‍ഡോ ഡെ ബര്‍ഗോസ് ബെങ്കോറ്റ്‌സിയയെ ചുമതലപ്പെടുത്തി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍.

2017ലെ സൂപ്പര്‍ കോപ്പ ഡെ എസ്പാന മത്സരത്തില്‍ അന്നത്തെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാണ് റിക്കാര്‍ഡോ ആരാധകര്‍ക്കിടയില്‍ പ്രശസ്തനായത്.

2017ലെ സൂപ്പര്‍ കോപ്പ ഡെ എസ്പാനയിലെ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ ആദ്യ പാദത്തിലായിരുന്നു റിക്കാര്‍ഡോ റൊണാള്‍ഡോക്കെതിരെ ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്.

ബാഴ്‌സലോണ ബോക്‌സില്‍ വെച്ച് നടത്തിയ ഡൈവിന് പിന്നാലെയായിരുന്നു റിക്കാര്‍ഡോ റൊണാള്‍ഡോക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും നല്‍കി പുറത്താക്കിയത്. എപ്പോഴത്തേയും പോലെ ഗോള്‍ നേടിയതിന് പിന്നാലെ ജേഴ്‌സിയൂരി ആഘോഷിച്ചതിന് പിന്നാലെയാണ് റൊണാള്‍ഡോ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് വഴങ്ങിയത്.

നേരത്തെ, ഫെബ്രുവരിയില്‍ സൗദി അറേബ്യയില്‍ വെച്ച് നടന്ന സൂപ്പര്‍ കോപ്പ ഡെ എസ്പാനോയിലെ ഫൈനല്‍ നിയന്ത്രിച്ചതും റിക്കാര്‍ഡോ ഡെ ബര്‍ഗോസ് ബെങ്കോറ്റ്‌സിയ ആയിരുന്നു. എല്‍ ക്ലാസിക്കോയില്‍ 3-1ന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സലോണ കിരീടം തങ്ങളുടെ പേരിലാക്കിയത്.

അതേസമയം, ഇത്തവണത്തെ ലാ ലീഗ കിരീടത്തിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് മുന്നിലോടുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാണ്‍ ഒമ്പത് പോയിന്റിന്റെ സോളിഡ് ലീഡാണ് ബാഴ്‌സക്കുള്ളത്.

25 മത്സരത്തില്‍ നിന്നും 21 ജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി 65 പോയിന്റാണ് ബാഴ്‌സക്കുള്ളത്.

25 മത്സരത്തില്‍ നിന്നും 17 ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമായി 56 പോയിന്റുമായാണ് റയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

 

Content Highlight: Ricardo De Burgos Bengoetxea will officiate Real Madrid vs Barcelona match