തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അല്ല പുറത്തു വന്നത്; അരുണ്‍ ജെയ്റ്റ്‌ലി
Election Results 2018
തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അല്ല പുറത്തു വന്നത്; അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 11:35 pm

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി. തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അല്ല പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളും അണികളും തങ്ങളുടെ തെറ്റുകള്‍ വിശകലനം നടത്തി തുടര്‍നടപടികളുമായി 2019 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ജെയ്റ്റ്‌ലി എ.എന്‍.ഐയോട് പറഞ്ഞു.

Also Read ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകും; ദേശീയ പാര്‍ട്ടികളുമായി സഖ്യ സൂചന നല്‍കി ചന്ദ്രശേഖര റാവു

തെരഞ്ഞെടുപ്പിലെ തിരിച്ചടി ഒരു വ്യക്തിയുടെ പരാജയമല്ലെന്നും മറിച്ച് ഭരണവിരുദ്ധ വികാരവും, സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ജയവും തോല്‍വിയും ഒരാളുടെ മികവു കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉദ്ദേശിച്ച രീതിയിലല്ല പുറത്തു വന്നത്. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് സ്വയം വിശകലനം ചെയ്ത് മുന്നോട്ട് പോകാനുള്ള ഉപാധിയാണ്”- അദ്ദേഹം പറഞ്ഞു.

Also Read ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; നരേന്ദ്ര മോദി

“ഒരു ഭാഗത്ത് നിങ്ങള്‍ക്ക് കെട്ടുറപ്പുള്ള നേതൃത്വമുണ്ട്, മറുഭാഗത്ത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാവുന്ന വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്ന അസ്ഥിരമായ സഖ്യങ്ങളുമാണുള്ളത്”- അദ്ദേഹം പറഞ്ഞു.

അതേസമയം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടി അംഗീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്നതായാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനേയും, തെലങ്കാന രാഷ്ട്ര സമിതിയേയും, മിസോ നാഷണല്‍ പാര്‍ട്ടിയേയും നരേന്ദ്ര മോദി അഭിനന്ദിച്ചു .