വിഭവ ക്ഷാമമുണ്ട്; തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബംഗാള്‍ സര്‍ക്കാര്‍
national news
വിഭവ ക്ഷാമമുണ്ട്; തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബംഗാള്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 11:23 am

കൊല്‍ക്കത്ത: അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് പശ്ചിമബംഗാള്‍ ആഭ്യന്തര സെക്രട്ടറി അലപന്‍ ബന്ദ്യോപാധ്യായ.

ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഒരുദിവസം 15 ല്‍ അധികം ട്രെയിനുകള്‍ ബംഗാളിലേക്ക് അയക്കരുതെന്ന് സംസ്ഥാനം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചെത്തുന്നവരെ സ്‌കൂള്‍ തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിര്‍ത്താതെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള അനുമതി വേണമെന്നുമാണ് ബംഗാളിന്റെ ആവശ്യം.

 വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

” ശരാശരി 10 മുതല്‍ 15 ട്രെയിനുകള്‍വരെ മാത്രമേ ഞങ്ങള്‍ക്ക് ഒരുദിവസം ഉള്‍ക്കൊള്ളാന്‍ കഴിയൂ. മറ്റ് സംസ്ഥാനങ്ങളുമായി സംസാരിച്ചതിന് ശേഷം ഇത് സംബന്ധിച്ച തീരുമാനം എടുക്കും. റോഡ് മാര്‍ഗം ആളുകളെ സംസ്ഥാനത്ത് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നും ദിവസേന ആളുകള്‍ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ബംഗാളിലേക്ക് തിരിച്ചു വരുന്നത്,” അദ്ദേഹം പറഞ്ഞു.

റോഡുകളും സ്‌കൂളുകളും കെട്ടിടങ്ങളും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഉംപൂണിനെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണെന്നും ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഭക്ഷ്യക്ഷാമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങളൊക്കെ പരിഗണനയില്‍ എടുത്തുകൊണ്ടാണ് തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ അധികൃതരുമായി സംസാരിക്കുന്നെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിച്ചെത്തുന്ന തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

അതേസമയം മമത സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ രംഗത്തെത്തിയിട്ടുണ്ട്. തുടക്കംതൊട്ട് തന്നെ തൊഴിലാളികളെ തിരിച്ചെത്തിക്കാതിരിക്കാനുള്ള ശ്രമമാണ് മമത സര്‍ക്കാര്‍ നടത്തുന്നതെന്നും ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ പേരില്‍ ഒഴിവ്കഴിവ് പറഞ്ഞ് തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത് വൈകിപ്പിക്കുകയാണെന്നും സിന്‍ഹ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.