തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആ ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണ് മുദ്ര വെച്ച കവറില്‍ കോടതിക്ക് കൊടുത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
നയതന്ത്രപാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.
കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികളാണ് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
കൊറോണയില്‍ നിന്നും അകന്നുനില്‍ക്കണമെന്നു പറയുന്നതുപോലെ സര്‍ക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയേണ്ട അവസ്ഥയാണെന്നും അത്രമാത്രം അപചയമാണ് എല്‍.ഡി.എഫും സി.പി.ഐ.എമ്മും നേരിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ ശിവശങ്കറിനെ എന്തുകൊണ്ട് സര്‍ക്കാര്‍ പിരിച്ചു വിടുന്നില്ല. സര്‍ക്കാരിനെ രക്ഷിക്കാനാണ് ശിവശങ്കര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. വെര്‍ച്വല്‍ റാലിയിലൂടെ എല്‍.ഡി.എഫ് കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സി.പി.ഐ.എമ്മും വര്‍ഗീയ പ്രചാരണം നടത്തുകയാണ്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ആര്‍.എസ്.എസിന്റെ ഭാഷയാണ്. ആര്‍.എസ്.എസിന്റെ സ്വരമാണ്. നാട്ടില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയും. സര്‍ക്കാരിന്റെ ഒരു നേട്ടവും പറയാനില്ലാത്തതുകൊണ്ട് വര്‍ഗീയത ഇളക്കിവിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് എറണാകുളത്തെ പാര്‍ട്ടി നേതാവ് സക്കീര്‍ ഹുസൈന്‍. സക്കീര്‍ ഹുസൈന്‍ ഒരു പ്രതീകമാണ്, പണത്തിനും അധികാരത്തിനും വേണ്ടി ഏത് നിലയില്‍ വേണമെങ്കിലും സി.പി.ഐ.എം പോകുമെന്നതിന് ഉദാഹരണമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിവേഴ്സ് ഹവാലയിലും ഇതാണ് കാണുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഉന്നതനു പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രണ്ടാം ക്യാംപസിന് ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോല്‍വാള്‍ക്കറിന്റെ പേര് ഇടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.
വള്ളം തുഴഞ്ഞതിനാലാണോ നെഹ്റു ട്രോഫി വള്ളംകളിക്ക് പേരിട്ടതെന്ന കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവനയോട് അങ്ങേയറ്റം സഹതാപമാണുള്ളത്. അതിന്റെ ചരിത്രം അറിയില്ലെങ്കില്‍ അദ്ദേഹം അറിയുന്നവരോട് ചോദിക്കണം.
ശാസ്ത്ര പുരോഗതിക്ക് ഗോള്‍വാള്‍ക്കര്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്നും ഇത് രാജീവ് ഗാന്ധിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാം ക്യാംപസിന് ഡോ. പല്‍പ്പുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പേര് ഇട്ടിരുന്നെങ്കില്‍ നന്നായേനെയെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക