തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശിപാര്‍ശ.
ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് ശിപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ച് അറിവോടെയായിരുന്നു എന്ന വിവരത്തിന്റെ അഠിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നത്.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 28നായിരുന്നു എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റുണ്ടായിരുന്നത്.
ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.
സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്ന് ഇ.ഡി പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഡിപ്ലോമാറ്റിക്ക് ബാഗ് പിടിച്ചുവെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന സ്വാധീനം ഉപയോഗിച്ച് ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നായിരുന്നു ഇ.ഡി കോടതിയില്‍ പറഞ്ഞിരുന്നത്. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നെന്നും സ്വര്‍ണക്കടത്തിലെ ലാഭമെത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണമെന്നും ഇ.ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ഉപയോഗിച്ച് സ്വപ്നയെ മറയാക്കിയതാവാമെന്നും അന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, കേസില്‍ ശിവശങ്കറിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആക്കാന്‍ സാധിക്കാതായതോടെ ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 25നാണ് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കിയത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
അതേസമയം, ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.
ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റല്‍ ജനറല്‍ എസ്.വി രാജു വാദിച്ചിരുന്നു.
എന്നാല്‍ ശിവശങ്കറില്‍നിന്നു കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വാദം തള്ളിയത്.