ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കുന്നത് ഭീകരവാദത്തിന് പ്രതിഫലം നൽകുന്നത് പോലെ: ബെഞ്ചമിന്‍ നെതന്യാഹു
World News
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കുന്നത് ഭീകരവാദത്തിന് പ്രതിഫലം നൽകുന്നത് പോലെ: ബെഞ്ചമിന്‍ നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2024, 3:45 pm

ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന് സ്വതന്ത്ര രാഷട്രമായി അംഗീകരിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കം തീവ്രവാദത്തിന് പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്നാണ് നെതന്യാഹു പറഞ്ഞത്.

‘ഭീകരവാദത്തെ പിന്തുണക്കുകയാണ് ഈ രാജ്യങ്ങള്‍ ചെയ്യുന്നത്. സ്വതന്ത്ര രാഷട്രമായി അം​ഗീകരിച്ചാൽ ഫലസ്തീന്‍ ഭീകര രാഷ്ട്രമായി മാറും,’ നെതന്യാഹു പറഞ്ഞു. ഭീകരതയ്ക്ക് പ്രതിഫലം നല്‍കിയാല്‍ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ആകില്ലെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ഇസ്രഈലിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോർവേയിലെ തങ്ങളുടെ അംബാസിഡറെ ഇസ്രഈൽ കഴിഞ്ഞ ദിവസം തിരിച്ച് വിളിച്ചിരുന്നു. നോർവേയോടുള്ള പ്രതിഷേധം അറിയിക്കാനാണ് ഇസ്രഈൽ അംബാസിഡറെ തിരിച്ചു വിളിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ചത്. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുക മാത്രമാണ് ഏക വഴിയെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍ ബുധനാഴ്ച പറഞ്ഞു. പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗസയിലെ യുദ്ധത്തില്‍ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും രംഗത്തെത്തി. മെയ് 28ന് ഫലസ്തീനെ സ്വതന്ത്ര രാഷട്രമായി അംഗീകരിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അറിയിച്ചു.

Content Highlight: Recognising Palestinian state is a ‘reward for terrorism’: Netanyahu