കഴിഞ്ഞ വർഷത്തെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന് ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല.
ലീഗിൽ ആധിപത്യം തുടരുന്ന ബാഴ്സയുടെ മുന്നേറ്റത്തെ തടയാൻ റയലിന് സാധിച്ചിട്ടില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ മികച്ച മുന്നേറ്റം നടത്താൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.
ക്ലബ്ബിന്റെ ഇതിഹാസ പരിശീലകനായ കാർലോ ആൻസലോട്ടി അധികം വൈകാതെ സാന്തിയാഗോ ബെർണാബ്യൂ വിടുമെന്നും അതിന് ശേഷം റയലിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ട് പേരുടെ ഷോർട്ട് ലിസ്റ്റ് റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആൻസലോട്ടി മാഡ്രിഡ് വിട്ടാൽ റൗൾ ഗോൺസാലസും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസിയുടെ മുൻ പരിശീലകനും പിന്നീട് പുറത്താക്കപ്പെട്ട വ്യക്തിയുമായ തോമസ് ടുഷേലിനെയുമാണ് റയൽ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എൽ നാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോപ്പാ ഡെൽ റേയിലെ ആദ്യ പാദ സെമിയിൽ കാറ്റലോണിയൻ ക്ലബ്ബിനോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെ ആൻസലോട്ടിയുടെ റയലിലെ സ്ഥാനം പരുങ്ങലിലാണ്. ബ്രസീൽ പരിശീലകൻ ടിറ്റെയുടെ പേരും റയൽ പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടെങ്കിലും ടിറ്റെക്ക് റയലിൽ ചേരാൻ താൽപര്യമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്.
ഇതോടെയാണ് റൗളിലേക്കും ടുഷേലിലേക്കും പെരസിന്റെ ശ്രദ്ധ പതിഞ്ഞത് എന്നാണ് എൽ നഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ റൗളിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ഷാൽക്കെയും വലിയ ശ്രമം നടത്തുണ്ടെന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു.