കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.
നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങള്‍ വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയോ എന്നും കോടതി ചോദിച്ചു.
കേസില്‍ തൃശ്ശൂര്‍ എസ്.പിയേയും ഗുരുവായൂര്‍ സി.ഐയേയും സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഒരുമാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടേയും വിവരം കൈമാറണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
നടപ്പന്തലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വധൂവരന്‍മാരടക്കം 12 പേര്‍ക്ക് മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.
നേരത്തെയും വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ നീക്കിയിരുന്നു.
സെപ്റ്റംബര്‍ 9 നായിരുന്നു രവിപിള്ളയുടെ മകന്‍ ഗണേഷ് രവിപിള്ളയുടെ വിവാഹം. ബെംഗളുരു ഐ.ടി കമ്പനി ഉദ്യോഗസ്ഥ അഞ്ജന സുരേഷാണ് വധു.