ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് യുക്തിവാദ സംഘടന; പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
Kerala News
ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് യുക്തിവാദ സംഘടന; പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 3:14 pm

കൊച്ചി: നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന യുക്തിവാദ സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ് (എൻ.ആർ.എസ്) നൽകിയ ഹരജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് പത്രവാർത്തകൾ അടിസ്ഥാനമാക്കി സമർപ്പിച്ച ഹരജി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചത്.

ഹരജിക്കാർക്ക് അവരുടെ വാദം സമർത്ഥിക്കാൻ സാധിച്ചില്ലെന്നും കോടതി ഒരു നിയമനിർമാണ സ്ഥാപനമല്ലെന്നും ബെഞ്ച് പറഞ്ഞു.

അതേസമയം നിയമനിർമാണത്തിന് കോടതിക്ക് അധികാരമില്ലെങ്കിലും അധികാരപരിധിക്കുള്ളിലിരുന്ന് കൊണ്ട് മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. പൗരന്മാർക്ക് ഭരണഘടനയിലെ അവകാശങ്ങൾ ഉറപ്പാക്കാൻ സ്റ്റേറ്റ് മെഷിനറി പരാജയപ്പെട്ടാൽ ഭരണഘടനയുടെ സംരക്ഷകർ എന്ന നിലയിൽ കോടതി ഇടപെടണമെന്നും ഹരജിയിൽ പറയുന്നു.

‘ചേലാകർമം ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതിൽ കുട്ടികളാണ് ഇരയായിട്ടുള്ളത്. ഇതിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ‌ 21 പ്രകാരമുള്ള അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ കോടതി ഇടപെടണം.

ഒരു കുട്ടിക്ക് ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനും, അവിശ്വസിക്കാനും അവകാശമുണ്ട്. മതാചാരങ്ങൾ പാലിക്കാനും പാലിക്കാതിരിക്കാനും അവകാശമുണ്ട്. ചേലാകർമം കുട്ടികളിൽ നിർബന്ധിച്ച് ചെയ്യിക്കുകയാണ്. ഇത് കുട്ടികളുടെ ചോയ്സല്ല. മാതാപിതാക്കളുടെ തീരുമാനത്തിന് പുറത്ത് കുട്ടികളിൽ ചേലാകർമം ചെയ്യുകയാണ്, ‘ ഹരജിയിൽ പറയുന്നു.

യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി റൈറ്റ് ഓഫ് ചൈൽഡ്, ഇൻർനാഷനൽ കവനെന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ് തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന അന്താരാഷ്ട്ര കൺവെൻ‌ഷനുകളും പ്രമേയങ്ങളും ഹരജിയിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചേലാകർമം നടത്തുമ്പോൾ ലൈം​ഗികശക്തി കുറയുമെന്ന ചില അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിലെ പഠനവും ഹരജിക്കാർ സമർപ്പിച്ചിട്ടുണ്ട്.

എൻ.ആർ.സിക്ക് പുറമേ ടി.എം. ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എൻ, കെ.അബ്ദുൽ കലാം എന്നിവരും ഹരജിയിൽ പങ്കാളികളാണ്.

അഡ്വ. ജീവേഷാണ് ഹരജിക്കാർക്ക് വേണ്ടിയും സീനിയർ ​ഗവൺമെന്റ് പ്ലീഡർ അഡ്വ. ഹരീഷാണ് എതിർഭാ​ഗത്തിന് വേണ്ടിയും ഹാജരായത്.

content highlight: Rational organization calls for ban on boy chelakarma; HC says petition based on press reports will not stand