സത്യജിത്ത് റേയ്ക്ക് ഓസ്‌കാര്‍ ലഭിച്ചതില്‍ ഏറ്റവും ദുഖം തോന്നിയ ആള്‍ താനായിരുന്നു എന്ന് റസൂല്‍ പൂക്കുട്ടി. അന്ന് അദ്ദേഹം തന്റെ സ്ഥാനം നേടിയെടുത്തതായാണ് തോന്നിയതെന്നും താന്‍ സിനിമ നിര്‍മിക്കുമ്പോള്‍ അതിന് ഓസ്‌കാര്‍ ലഭിക്കുമെന്നായിരുന്നു ചിന്തയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
‘1992ല്‍ സത്യജിത്ത് റേയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റിന് ഓസ്‌കാര്‍ ലഭിച്ചപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറ്റവും കൂടുതല്‍ ദുഖം എനിക്കായിരുന്നു. കാരണം എന്റെ സ്ഥാനം ഈ പുള്ളി അടിച്ചെടുത്തു എന്നാണ് അന്നത്തെ എന്റെ ധാരണ. ഞാന്‍ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അത് ഓസ്‌കാറിന് പോകുമെന്നും അങ്ങനെ എനിക്ക് ഓസ്‌കാര്‍ കിട്ടുമെന്നുമാണ് വിചാരിച്ചത്. സത്യജിത്ത് റേ എന്റെ സ്ഥാനം തട്ടിയെടുത്തതായി എനിക്ക് തോന്നി. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ജീവിതത്തില്‍ ഏറ്റവും സക്‌സസ്ഫുള്ളായ ആളുകള്‍ ഒറ്റയാന്മാരായിരിക്കുമെന്നും റസൂല്‍ പൂക്കുട്ടി അഭിമുഖത്തില്‍ പറഞ്ഞു. ‘ജീവിതത്തില്‍ വളരെ സക്‌സസ്ഫുള്ളായ ആളുകളെ നോക്കുക. സ്റ്റീവ് ജോബ്‌സായാലും എലോണ്‍ മസ്‌കായാലും യൂസഫ് അലിയായാലും, ഇവരെല്ലാവരും ഒറ്റയാന്മാരാണ്. അവരെല്ലാം അവരുവരുടേതായ വഴികള്‍ തുറന്നവരാണ്. അവര്‍ ഓരോന്നും നോക്കി കാണുന്നത് വ്യത്യസ്തമായാണ്. ഓരോ മനുഷ്യരും ആത്യന്തികമായി ഒറ്റയാന്മാരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ഒറ്റ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.
Content Highlight: Rasul Pookkutty said that he was the saddest person when Satyajith Ray won the Oscar