വെട്ടിയാരെ! രണ്ടും കൂടെ വേണ്ട! | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ച്ഛെ, ഈ ജനപ്രിയന്‍മാരെ കൊണ്ട് ശല്യം ആയല്ലോ. ജനങ്ങള്‍ അങ്ങോട്ട് പ്രിയം കാട്ടി വരുമ്പോഴേക്കും തനിനിറം പുറത്തുവരും. അവസാനം ഒരു ഒളിവില്‍ പോക്ക്. ദേ ഇപ്പൊ തന്നെ കണ്ടില്ലെ നമ്മുടെ ശ്രീകാന്ത് വെട്ടിയാര്‍ജി സ്പൂഫ് ചെയ്ത് സ്പൂഫ് ചെയ്ത് ഒടുക്കം സ്വയം ഒരു സ്പൂഫ് ആണ് എന്ന് തെളിച്ചിരിക്കുകയാണ്. പാവം കുറുപ്പിന്റെ സ്പൂഫ് ആണെന്ന് തോന്നുന്നു അടുത്ത വീഡിയോ. അതിന്റെ പ്രാക്ടീസിന് വേണ്ടി ഒളിവില്‍ പോയിരിക്കുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട പൊളിറ്റിക്കലി കറക്ട് ആയ സോഷ്യല്‍ മീഡിയ ഹാസ്യതാരം ശ്രീകാന്ത് ചേട്ടനെതിരെ മീടു ആരോപണം വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ഒരെണ്ണം വന്നു, അത് ചേട്ടനോടുള്ള അസൂയ കാരണം ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നായിരുന്നു പുള്ളീടെ ഫാന്‍സ് കരുതിയിരുന്നത്. അങ്ങനെ സംശയിക്കാനും ന്യായം ഉണ്ടല്ലോ. കണ്ടില്ലേ, നമ്മുടെ ദീലീപേട്ടനെ കുറിച്ച് തന്നെ എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്.

എന്തായാലും ഇപ്പോള്‍ വന്ന പരാതി ശ്രീകാന്ത് വെട്ടിയാര്‍ ഒരു സ്ത്രീയെ റേപ്പ് ചേയ്തു എന്നതായതുകൊണ്ടും, അത് കുറച്ചധികം ശക്തമായി തന്നെ ആളുകള്‍ ഏറ്റെടുത്തതുകൊണ്ടും, പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത് കൊണ്ടും, ശ്രീകാന്തേട്ടന്‍ എല്ലാവരോടും പിണങ്ങി ഒളിവില്‍ പോയിരിക്കുകയാണ്.

എന്തായാലും വെട്ടിയാറിനെതിരേ ബലാത്സംഗ പരാതി നല്‍കിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി, എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. റേപ്പ് ചെയ്യപ്പെട്ടു എന്ന് സമൂഹമാധ്യമങ്ങളില്‍ യുവതി പറഞ്ഞതോടെ ‘പൂജപ്പുരയില്‍ ജിയോ സിഗ്‌നല്‍ ഉണ്ടാകുമോ’ എന്ന് കളിയാക്കി ചോദിച്ച ഹാസ്യ സിങ്കം ശ്രീകാന്തേട്ടന്‍, രായ്ക്ക് രാമാനം ഫോണും സ്വിച്ച് ഓഫ് ചെയ്ത് നാടു വിട്ടിരിക്കുകയാണ്.

പൊളിറ്റിക്കലി കറക്ട് ആയ തമാശ ഇന്നത്തെ സമൂഹത്തിന് എത്രമാത്രം അവശ്യമായ കാര്യമാണ് എന്ന് പ്രത്യേകം പറയാതെ തന്നെ അല്‍പമെങ്കിലും വിവരമുള്ള ആര്‍ക്കും മനസ്സിലാകും. ബാക്കിയുള്ളവരുടെ നിറത്തേയും, രൂപത്തേയും, ജാതിയേയും, വംശത്തേയും, ലിംഗത്തേയും കളിയാക്കിക്കൊണ്ടുള്ള തമാശകള്‍ക്ക് ഇന്നും നമ്മുടെ നാട്ടില്‍ കാണികള്‍ ഏറെയാണ്. ഇക്കാലത്തും ചില പ്രമുഖ ചാനലുകളുടെ കോമഡി പ്രോഗ്രാമുകള്‍, റേസിസ്റ്റ് ആയ, സെക്‌സിസ്റ്റ്, ആയ തമാശകള്‍ പറഞ്ഞുകൊണ്ട് ചാനലിന്റെ ടി.ആര്‍.പി കൂട്ടുന്നതും അതുകൊണ്ടാണ്.

അങ്ങനെയുള്ള നമ്മുടെ നാട്ടില്‍ പൊളിറ്റിക്കലി കറക്ട് ആയ തമാശ ഇറക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്ത് വല്യ കാര്യം ആണെന്നറിയാമോ. അതുകൊണ്ടൊക്കെ തന്നെയാണ് ശ്രീകാന്ത് വെട്ടിയാറിന് പ്രോഗ്രസീവായ പൊതുവിടങ്ങളില്‍ വലിയ സ്വീകാര്യത കിട്ടിയത്. അങ്ങനെയുള്ള വെട്ടിയാര്‍ അതിനിടയിലൂടെ റേപ്പ് പോലെയുള്ള അതിഭീകര ക്രൈം നടത്തി എന്നത് ഗൗരവമുള്ള വിഷയമാണ്. എന്തായാലും ഈ സംഭവത്തെ ഒരു അവസരമാക്കി പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ അപ്പാടെ തീര്‍ത്തുകളയാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്് മറ്റു ചില മാന്യന്‍മാര്‍.

‘ദേ കണ്ടോ! പൊളിറ്റിക്കല്‍ കറക്ടനസ് പറഞ്ഞ് നടന്നിട്ട് ഇതിപ്പൊ എന്തായി’
‘പൊളിറ്റിക്കല്‍ കറക്ടനസ്് പറയുന്ന എല്ലാ എണ്ണങ്ങളും ഇങ്ങനെ തന്നെയാണ്’
‘അല്ലേലും പൊളിറ്റിക്കല്‍ കറക്ടനസിന്റെ മറയുണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാം’
‘ഈ പറയുന്ന പൊളിറ്റിക്കല്‍ കറക്ടനസ് നല്ല ഒന്നാന്തരം ഫേക്ക് ആണ്’

ആഹാ, എന്തൊരു ആവേശമാണ് എല്ലാവര്‍ക്കും. പള്ളിപ്പെരുന്നാളിന് ഐസ്ഫ്രൂട്ട് കണ്ട കുട്ടികളെപോലെ എല്ലാവരും കൂടെ റേപ്പിനെ അഡ്രസ്സ് ചെയ്യുന്നതിനു പകരം, കുറ്റം മുഴുവന്‍ പൊളിറ്റിക്കല്‍ കറക്ടനസിന്റെ നെഞ്ചത്ത് കൊണ്ടിടാനാണ് നോക്കുന്നത്. പറഞ്ഞ്, പറഞ്ഞ് അവസാനം പൊളിറ്റിക്കല്‍ കറക്ടനസാണ് നാട്ടിലെ ക്രൈം സംഭവിക്കുന്നതിന് മുഴുവന്‍ ഉത്തരവാദി എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.

ആട്ടിന്‍തോലിട്ട് ഫാന്‍സി ഡ്രസ്സിനിറങ്ങുന്ന ചെന്നായ്ക്കള്‍ക്ക് ഒരു വെല്ലുവിളി ആയേക്കാവുന്ന വെട്ടിയാര്‍ജീയെ പോലുള്ള ആളുകളെ കോള്‍ഔട്ട് ചെയ്യുന്നതിന് പകരം, പൊതുസമൂഹത്തിന് മുഴുവനായും ദഹിക്കാത്ത ചില ആശയങ്ങളെ അറ്റാക്ക് ചെയ്യാനാണ് എല്ലാവര്‍ക്കും താത്പര്യം.

സ്ത്രീകള്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റം ചെയ്ത സ്ത്രീയുടെ തെറ്റിനെ ചൂണ്ടികാട്ടുന്നതിന് പകരം ഫെമിനിസം അവസാനിപ്പിക്കാന്‍ ഇറങ്ങുന്ന പ്രവണതയും ഇതിന്റെ ഉദാഹരണമാണ്. ഡല്‍ഹിയില്‍ ഏതോ ഒരു പെണ്‍കുട്ടി ഒരു കാര്‍ ഡ്രൈവറെ തല്ലിയ വീഡിയോ പുറത്ത് വന്നതിന് ശേഷം, ഇന്ത്യയിലെ മുഴുവന്‍ ഫെമിനിസ്റ്റുകളും ദിവസങ്ങളോളം ആ സംഭവത്തിന് മറുപടി കൊടുക്കേണ്ടി വന്ന നാടാണ് നമ്മുടേത്. അല്ലേലും പുരുഷന്‍മാര്‍ക്കും, റേസിസ്റ്റുകള്‍ക്കും, ബോഡിഷേമിങ്ങ് നടത്തുന്നവര്‍ക്കുമൊക്കെ ചേദിക്കാനും പറയാനും ആരും ഇല്ലല്ലോ.

ഒരു റേപ്പ് ആരോപണം പുറത്ത് വരുമ്പോള്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുക എന്നതാണ് എല്ലാവരും സ്വീകരിക്കേണ്ട നിലപാട് എന്നത് സത്യമാണ്. പക്ഷെ അതേസമയം, കണ്‍സ്ട്രക്ടീവായ രീതിയില്‍ അതിനെ സമീപിക്കാതെ എല്ലാവരും കൂടെ ഒരു ആള്‍ക്കൂട്ടാക്രമണം സ്വഭാവത്തിലേക്ക് അവരുടെ പ്രതികരണങ്ങള്‍ കൊണ്ട് പോകുന്നത് ഒരു രീതിയിലും സര്‍വൈവറിനെ സഹായിക്കുന്നതല്ല. ‘ദേ ഒരുത്തന്‍! ഇന്നത്തേക്ക് നമ്മുക്ക് തെറി വിളിക്കാന്‍ ഒരാളായി’ എന്ന രീതിയില്‍ പകല്‍ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുകയും, വൈകുന്നേരം പൊളിറ്റിക്കല്‍ കറക്ടനസ്സിനെ കുറ്റം പറയുകയും ചെയ്യുന്നതാണല്ലോ പൊതുവെയുള്ള രീതി.

‘വാര്യര് പറയുന്നത് പോലെ, സ്ത്രീ സൗഹൃദങ്ങളുടെ അഡ്വാന്റേജ് എടുക്കാനും അവരെ ആകര്‍ഷിക്കാനും വേണ്ടി മാത്രം ഫെമിനിസം പറയുന്ന പീക്കോക് ഫെമിനിസ്റ്റുകളുടെ കാലം കൂടിയാണിത്’. സെക്‌സിനെ ഒരു ടാബു ആയി കാണേണ്ടതില്ല, അത് മനുഷ്യരുടെ ശാരീരികമായ ആവശ്യകതയാണ്, എന്നൊക്കെ പറഞ്ഞ് ലൈംഗീകതയെ വളരെ നോര്‍മലായി കാണാന്‍ ശ്രമിക്കുമ്പോഴും, അവിടെ സെക്‌സില്‍ ഏര്‍പ്പെടുന്നവരുടെ പരസ്പര സമ്മതം വളരെ പ്രധാനമാണ്. സെക്‌സില്‍ ഏര്‍പ്പെടാത്തവരും, സമ്മതം ചോദിക്കുമ്പോള്‍ വേണ്ടാ എന്ന് പറയുന്നവരും വളരെ പഴഞ്ചനാണ് എന്ന് വരുത്തിതീര്‍ക്കുന്ന ചില പീക്കോക് ഫെമിനിസ്റ്റുകള്‍ വക്രീകരിച്ച, കൃത്രിമമായി സെക്‌സിനുള്ള സമ്മതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരെ പീക്കോക് ഫെമിനിസ്റ്റുകള്‍ എന്ന് തന്നെ വിളിക്കണം.

അല്ല, വെട്ടിയാര്‍ജിയെ ഇതൊന്നും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഇല്ലല്ലോ… പുള്ളിക്കാരന്‍ ഇതൊക്കെ മനസ്സിലാക്കി മാത്രം തമാശ ഇറക്കുന്ന ഒരു മാന്യന്‍ അല്ലേ. കുറുപ്പിന്റെ സ്പൂഫ് കളിച്ച് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പൊലീസിന്റെ കൂടെ അടുത്ത സ്പൂഫിനുള്ള വക അദ്ദേഹത്തിനുണ്ട്. എന്തായാലും ഇതുപോലുള്ള അഭിനയ കുലപതികള്‍ ഒന്നിച്ച് ഇറങ്ങിയാല്‍ നാട്ടുകാര്‍ ആകെ കഷ്ടത്തിലാവുമല്ലോ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rape case filed against comedian sreekanth vettiyar and men’s march for dileep

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.