ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ഹേ സിനാമികയ്ക്ക് ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. താന്‍ ദുല്‍ഖറിന്റെ ഫാനാണെന്ന് പറഞ്ഞ താരം ഹേ സിനാമികയ്ക്ക് പിന്നിലുള്ള ടീമിന് ആശംസകളും അറിയിച്ചു.
‘ഹേ സിനാമിക ടീമിന് അഭിനന്ദനങ്ങള്‍. ഫെബുവരി 10ന് റിലീസ് ചെയ്യുന്ന പുതിയ പാട്ടിന് ആശംസകള്‍ നേരുന്നു. ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനാണ് ഞാന്‍.
അതിഥിയോടൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ മികച്ച അഭിനേത്രിയാണ്. കാജലിന്റെ അഭിനയവും ആസ്വദിച്ചിട്ടുണ്ട്. അവരോടൊപ്പം അഭിനയിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്നെ പ്രിയപ്പെട്ട ബൃന്ദാ മാസ്റ്റര്‍, അവരോടൊപ്പം ഒരുപാട് പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ബ്രിന്ദാ മാസ്റ്ററോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ഹേ സിനാമികയ്ക്ക് എല്ലാ വിധ ആശംസകളും,’ രണ്‍ബീര്‍ വീഡിയോയില്‍ പറഞ്ഞു.
‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്മാന് നായകനാവുന്ന തമിഴ്സിനിമ കൂടിയാണ് ഹേ സിനാമിക. തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കോളിവുഡ് കൊറിയോഗ്രഫര്‍ ബൃന്ദാ ഗോപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 25 ന് റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ളിക്സിലും ഊട്ടിലും റിലീസ് ചെയ്യും.
വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.