ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചു; രമേശ് ചെന്നിത്തല
Kerala News
ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചു; രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 3:09 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധിപ്പിക്കല്‍ നയത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇവയുടെ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം തന്നെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കും. പ്രളയത്തിന് പിന്നാലെ കടകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


ALSO READ:വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ സീറ്റിലേക്ക് മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിച്ചതായി പരാതി


ഉപഭോക്തൃസംസ്ഥാനമായ കേരളമാണ് എപ്പോഴും ഇന്ധന വിലയുടെ ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില വര്‍ദ്ധിക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണ വില ഉയരും.

മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനവില കുറവാണ്. വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. തുടര്‍ച്ചയായി എട്ട് ദിവസം ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.