മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണം: രമേശ് ചെന്നിത്തല
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 1:56 pm

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവനും കിടപ്പാടവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നും പ്രളയ സമയത്തും താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവകള്‍ നല്‍കിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അത് താന്‍ പ്രതിപക്ഷ നേതാവായിരുന്നെന്നും കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്പളം സി.എം.ഡി.ആര്‍.എഫിലേക്ക് നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസ നിധിയുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവഴിക്കാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

‘കഴിഞ്ഞ തവണ ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍, പ്രളയത്തിന്റെ സമയത്തും എന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. അന്ന് എല്ലാ യു.ഡി.എഫ് എം.എല്‍.എമാരും അങ്ങനെ ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് സി.എം.ഡി.ആര്‍.എഫ് സംബന്ധിച്ച് ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അത് മാറ്റാന്‍ വേണ്ടി ദുരിതാശ്വാസ നിധിയുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവഴിക്കാന്‍ പാടില്ല.

കാരണം കഴിഞ്ഞ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചു എന്നതിന്റെ പേരില്‍ ലോകായുക്ത അന്വേഷണം വരെ നടക്കുകയുണ്ടായി.

അതിനാല്‍ ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം. കൂടാതെ എല്ലാവരും അതിലേക്ക് സംഭാവന നടത്തുകയും വേണം. ഞാനും എന്റെ ഈമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്.’ ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ തവണ പ്രളയത്തിന്റെ സമയത്ത് സി.എം.ഡി.ആര്‍.എഫ് ഫണ്ട് സര്‍ക്കാര്‍ അവരുടെ സ്വന്തക്കാര്‍ക്ക് കൈമാറി എന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ലേ എന്ന ചോദ്യത്തിന് അത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് എല്ലാ കണക്കുകളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം എന്ന കാര്യം താന്‍ പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ന്യൂനപക്ഷ സമുദായങ്ങളോടും അവരുടെ സംഘടനകളോടും കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമേ നടപ്പില്‍ വരുത്താവൂവെന്നും ബാക്കി വിശദാംശങ്ങള്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Content Highlight: Ramesh Chennithala about CMDRF