ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയുമായ മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന
national news
ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയുമായ മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd September 2018, 12:36 pm

ജയ്പൂര്‍: രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയും മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്രസിങ് ബി.ജെ.പി വിട്ടു. ഇന്ന് രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയില്‍ നടക്കുന്ന സ്വാഭിമാന്‍ റാലിയില്‍ വെച്ച് പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കുചേരുകയെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി വിടുന്ന മാനവേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമുണ്ട്.


റാഫേല്‍: ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം ഫ്രാന്‍സിനുണ്ട്; മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ തള്ളി ഫ്രാന്‍സ്


വസുന്ധരെ രാജെ സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ സംതൃപ്തരല്ലെന്നും ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നുമാണ് ഇദ്ദേഹം ഉന്നയിക്കുന്ന വിമര്‍ശനം. വസുന്ധര രാജെക്കെതിരെ വിമര്‍ശനവുമായി മാനവേന്ദ്ര സിങ്ങിന്റെ ഭാര്യ ചിത്ര സിങ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. “” വസുന്ധര രാജെ സംസ്ഥാനത്ത് ഗൗരവ് യാത്ര നടത്തുകയാണ്. എന്ത് ഗൗരവമാണ് ആ യാത്രയ്ക്ക് ഉള്ളത്?അഞ്ച് വര്‍ഷം മുന്‍പ് അവര്‍ ഒരു സുരാജ് യാത്ര നടത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം ജയ്‌സാല്‍മറിലേയും ബര്‍മറിലേയും നിരപരാധികളായ ആയിരങ്ങളുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഗൗരവയാത്രയുമായി എത്തിയിരിക്കുന്നു? ഗൗരവ് യാത്ര എന്നുവെച്ചാല്‍ എന്താണ്? സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ കഴിയുന്ന ഒരു ദിവസം വരും. സ്വാഭിമാന്‍ റാലിയില്‍ പങ്കെടുക്കാന്‍ പറ്റുന്ന ജനങ്ങളെല്ലാം പങ്കെടുക്കണം. വസുന്ധര രാജെയോട് ചില കാര്യങ്ങള്‍ നമുക്ക് പറയേണ്ടതുണ്ട്. പരസ്പരബഹുമാനം കാത്തുസൂക്ഷിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. ഇവിടുത്തെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടാല്‍ അതിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും””- ചിത്ര സിങ് പറയുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവുകൂടിയായ ജസ്വന്ത് സിങ്ങിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജശ്വന്ത് സിങ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ബി.ജെ.പിക്കെതിരെ മത്സരിക്കുകയും ചെയ്തു. സൊനാരം ചൗധരിയായിരുന്നു അന്ന് ജസ്വന്തിന്റെ എതിരാളി. അന്ന് മാനവേന്ദ്ര സിങ് അച്ഛന് വേണ്ടി തെരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തിയിരുന്നു. രാജസ്ഥാനിലെ രജപുത്ര വിഭാഗവും വസുന്ധര രാജെ സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.