രാജസ്ഥാനിലെ ജോദ്പൂരിൽ വർഗീയ കലാപം; കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്
India
രാജസ്ഥാനിലെ ജോദ്പൂരിൽ വർഗീയ കലാപം; കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 11:55 am

ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിൽ വർഗീയ കലാപത്തെ തുടർന്ന് രണ്ട് പോലീസ്‌കാർക്ക് പരിക്കേറ്റു. കലാപത്തെ തുടർന്ന് ഉണ്ടായ കല്ലേറിലാണ് പോലീസ്‌കാർക്ക് പരിക്കേറ്റത്. കലാപകാരികൾ ഒരു കടക്ക് തീയിടുകയും രണ്ട് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

സൂർ സാഗർ ഏരിയയിലെ ഈദ്ഗാഹിന് (മുസ്‌ലിം മത വിശ്വാസികൾ പ്രത്യേക ആഘോഷങ്ങൾ നടത്തുന്ന ഇടം) പിന്നിൽ ഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട വെള്ളിയാഴ്ച രാത്രിയാണ് സംഘർഷം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ കല്ലേറ് നടന്നതോടുകൂടി സംഘർഷം രൂക്ഷമാകുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടുകൂടിയാണ് ഈദ്ഗാഹിന് പിന്നിലെ മതിൽ നിർമാണം നാട്ടുകാർ എതിർത്തത് തുടർന്ന് വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് സംഘർഷം കല്ലേറിലേക്കും തീ വയ്പ്പിലേക്കും പോവുകയും ചെയ്തു. രാത്രിയായപ്പോഴേക്കും പ്രശ്നങ്ങൾ കൂടുതൽ വഷളാവാൻ തുടങ്ങി.

ഉടൻ തന്നെ പൊലീസ് എത്തുകയും സംഘർഷം ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയായിരുന്നു.

ജനക്കൂട്ടത്തിന് നേരെ അഞ്ച് റൗണ്ട് കണ്ണീർ വാത ഷെല്ലുകൾ ഉപയോഗിക്കേണ്ടി വന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെങ്കിലും സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ക്രമസമാധാനപാലനത്തിനായി ശനിയാഴ്ച രാവിലെ മുതൽ സംഘർഷ ബാധിത പ്രദേശത്ത് കനത്ത പൊലീസിനെയും രാജസ്ഥാൻ സായുധ കോൺസ്റ്റുബുലറി സേനയെയും വിന്യസിച്ചിട്ടുണ്ട്.

സംഘർഷമുണ്ടാക്കിയ ഇരു വിഭാഗങ്ങളുടെയും പേരിൽ രണ്ട് എഫ്.ഐ.ആറുകൾ തയ്യാറാക്കിയിട്ടുണ്ട് പൊലീസ് കമ്മിഷണർ രാജേന്ദ്ര സിങ് പറഞ്ഞു.

‘രണ്ട് ഗ്രൂപ്പുകളിലെയും ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയിക്കുന്നവരെ പിടികൂടാനായി സ്ഥലത്ത് റെയ്‌ഡ്‌ നടത്തുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

സമാധാനം പുനർസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പൊലീസും മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളും നടത്തി വരുന്നുണ്ട്. എന്നിരുന്നാലും വീണ്ടും കല്ലേറുണ്ടാകാനുള്ള സാഹചര്യം സമാധാനം ഇല്ലാതാക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

Content Highlight: Rajasthan Communal violence erupts in Jodhpur, cops injured in stone-pelting