'ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടും, ഈ വാതിലുകള്‍ തുറന്നുതന്നെ'; സമാധാന ശ്രമത്തില്‍ കോണ്‍ഗ്രസ് നിലപാടറിയിച്ച് സുര്‍ജേവാല
Rajastan Crisis
'ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടും, ഈ വാതിലുകള്‍ തുറന്നുതന്നെ'; സമാധാന ശ്രമത്തില്‍ കോണ്‍ഗ്രസ് നിലപാടറിയിച്ച് സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 12:50 pm

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍ തുടരവെ സമാധാന ശ്രമവുമായി ദേശീയ നേതാക്കള്‍. കോണ്‍ഗ്രസ് കുടുംബത്തില്‍ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കില്‍ ഉടന്‍ പരിഹാരം കാണുമെന്ന് പാര്‍ട്ടി ദേശീയ വക്താവുകൂടിയായ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജയ്പൂരിലെത്തിയിരിക്കുകയാണ് സുര്‍ജേവാല അടക്കമുള്ള പ്രതിനിധി സംഘം.

‘കോണ്‍ഗ്രസ് കുടുംബത്തിലെ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കില്‍ പരിഹാരം കാണും. പാര്‍ട്ടി എപ്പോഴും അംഗങ്ങള്‍ക്കൊപ്പമാണ്. സച്ചിന്‍ ജിക്കും മറ്റ് എല്ലാവര്‍ക്കുമായി, കോണ്‍ഗ്രസിന്റെ വാതിലുകള്‍ എപ്പോഴും തുറന്നുതന്നെ കിടക്കുമെന്ന് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം ഞാനും ഉറപ്പ് നല്‍കുന്നു’, സുര്‍ജേവാല പറഞ്ഞു.

രാജസ്ഥാന്‍ സര്‍ക്കാര്‍ ഉലയുന്ന ഘട്ടത്തിലല്ലെന്നും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു.

രാജസ്ഥാനില്‍ നിര്‍ണായക നിയമസഭാ കക്ഷി യോഗം ചേരുകയാണ്. സുര്‍ജേവാലയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും അജയ് മാക്കനും ജയ്പൂരില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. എല്ലാ എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ