Entertainment
അന്ന് ഹ്യൂമർ ചെയ്യാൻ മടി കാണിച്ച ആ നടന്റെ സിനിമകൾ ഇന്ന് ഹ്യൂമറില്ലാതെ തിയേറ്ററിൽ പിടിച്ചു നിൽക്കില്ല: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 10, 03:19 am
Tuesday, 10th December 2024, 8:49 am

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

ബിജു മേനോനെ കേന്ദ്രകഥാപത്രമാക്കി രാജസേനൻ സംവിധാനം ചെയ്ത സിനിമയായിരുന്നു സത്യഭാമയ്‌ക്കൊരു പ്രേമലേഖനം. ബോക്സ് ഓഫീസിൽ പരാജയമായി മാറിയ സിനിമയായിരുന്നു അത്. എന്നാൽ ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നീ സിനിമകൾ ഹിറ്റടിച്ച് നിൽക്കുമ്പോഴാണ് ആ സിനിമ വരുന്നതെന്നും അതിനാൽ ഒരാഴ്ച സിനിമ കാണാൻ പ്രേക്ഷകർ വന്നിരുന്നുവെന്നും രാജസേനൻ പറയുന്നു.

സംവിധായകൻ എന്ന നിലയിൽ നഷ്ടം സംഭവിക്കാത്ത സിനിമയാണ് അതെന്നും ബിജു മേനോൻ ആദ്യമായി ഹ്യൂമർ പരീക്ഷിച്ച സിനിമയാണ് അതെന്നും രാജസേനൻ പറഞ്ഞു. അന്ന് ഹ്യൂമർ ചെയ്യാൻ മടിയുള്ള ബിജു മേനോന്റെ സിനിമകൾ ഇന്ന് ഹ്യൂമറുണ്ടെങ്കിൽ മാത്രമേ തിയേറ്ററിൽ ഓടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അന്നൊക്കെ സിനിമകൾക്ക് ഇനീഷ്യൽ കളക്ഷൻ വരുമായിരുന്നു. ആദ്യത്തെ കണ്മിയും അനിയൻ ബാവ ചേട്ടൻ ബാവയും ഹിറ്റടിച്ചു നിൽക്കുന്ന സംവിധായകനാണ് ഞാൻ. അടുത്ത സിനിമ എന്തുപടമാണെങ്കിലും പ്രേക്ഷകർ കാണാൻ വരും. ഒരാഴ്ച ആളുകൾ വന്നാൽ ബ്രേക്ക് ചെയ്യാവുന്ന ബഡ്ജറ്റ് മാത്രമേ ആ പടത്തിനുണ്ടായിരുന്നുള്ളൂ.

കാരണം ബിജു മേനോനൊക്കെ ആദ്യമായി ഹീറോയായി അഭിനയിക്കുന്ന സമയമാണ്. ഒരു കോമഡി ട്രാക്കിലാണ് ആ സിനിമയെടുത്തത്. അത്യവശ്യം നല്ല തമാശകൾ ആ സിനിമയിലുണ്ട്. ഇത്തിരി തറ കോമഡികളുമുണ്ട്. കാരണം നമ്മൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ വിചാരിക്കുന്ന പോലെ ഹ്യൂമർ കയറിയില്ലെങ്കിൽ ഇത്തിരിയൊന്ന് മാറി ചിന്തിക്കും.

അന്ന് ബിജു മേനോനിൽ ഒരു ഹ്യൂമറുണ്ടെന്ന് കണ്ടെത്തിയ ആളാണ് ഞാൻ. പുള്ളിക്ക് ഹ്യൂമർ ചെയ്യാൻ നല്ല പേടിയായിരുന്നു. പക്ഷെ ഒരുപാട് നാൾ കഴിഞ്ഞ് ബിജു മേനോൻ അവിടെ തന്നെയെത്തി എന്നതാണ് സത്യം. ഇപ്പോൾ പുളളിയുടെ പല സിനിമകളും ഹ്യൂമറിലാണ് പിടിച്ചു നിൽക്കുന്നത്. പുള്ളിയുടെ സിനിമ ഇന്ന് ഹ്യൂമറില്ലെങ്കിൽ ഓടില്ല. അങ്ങനെയായി മാറി,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Biju Menon